ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് ലൈംഗിക രോഗങ്ങൾ. പ്രത്യേകിച്ച് യോനി, മലദ്വാരം, ഓറൽ സെക്സ് എന്നിവ മൂലമാണ് ലൈംഗിക രോഗങ്ങൾ ഉണ്ടാകുന്നത് . ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾ, എസ്ടിഐകൾ എന്നിവ പലപ്പോഴും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല, ഇത് അണുബാധ മറ്റുള്ളവരിലേക്ക് പകരാനുള്ള അപകടസാധ്യതയിലേക്ക് നയിക്കുന്നു.
ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV, HIV) ട്രൈക്കോമൊണാസ് വജൈനാലിസ് എന്ന പരാദങ്ങൾ, ഫംഗസ് എന്നിവയാണ് ലൈംഗിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തില്‍ വരുമ്പോഴാണ് രോഗം പകരുന്നത്. ലൈംഗികരോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും അറിയാം:
ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ:
∙അസ്വാഭാവികമായ സ്രവങ്ങൾയോനി, ലിംഗം, മലദ്വാരം എന്നിവിടങ്ങളിൽ നിന്നും അസാധാരണമായ മഞ്ഞ, പച്ച നിറങ്ങളിൽ അസ്വാഭാവിക ഗന്ധത്തോടെയുള്ള സ്രവങ്ങൾ, ഗൊണോറിയയുടെയോ ക്ലാമിഡിയയുടേയോ ലക്ഷണമാകാം.
∙വ്രണങ്ങളും മുഴകളും ലൈംഗികാവയവങ്ങളിലോ മലദ്വാരത്തിലോ, വായിലോ വ്രണങ്ങളോ, കുമിളകളോ മുഴകളോ കാണപ്പെടുകയാണെങ്കിൽ അത് ഹെർപ്പസ്, സിഫിലിസ് (പറങ്കിപ്പുണ്ണ്) അല്ലെങ്കിൽ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ലക്ഷണമാകാം.
∙മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും ഉണ്ടെങ്കിൽ അത് ക്ലമിഡിയ, ഗൊണോറിയ, ട്രൈക്കോ മോണിയാസിസ് ഇവയില്‍ ഏതിന്റെയെങ്കിലും ലക്ഷണമാകാം.
∙ ജനനേന്ദ്രിയങ്ങളിൽ തുടർച്ചയായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടെങ്കിൽ അത് ഗുഹ്യരോമങ്ങളിലുണ്ടാകുന്ന പ്യൂബിക് ലൈസ്, ചർമ രോഗമായ സ്കേബീസ് അല്ലെങ്കിൽ ട്രൈക്കോ മോണിയാസിസ് ഇവ മൂലമാകാം.
∙ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നത് ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങൾ മൂലമോ അല്ലെങ്കിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് മൂലമോ ആകാം.
∙ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു ശേഷമോ ആർത്തവചക്രത്തിനിടയ്ക്കുള്ള സമയത്തോ രക്തസ്രാവം ഉണ്ടാകുന്നത് ക്ലമിഡിയയുടേയോ ഗൊണോറിയയുടേയോ ലക്ഷണമാകാം. ഇത് ഗർഭാശയമുഖത്ത് വീക്കവും അസ്വസ്ഥതയും ഉണ്ടാക്കും.
∙പനി, തൊണ്ടവേദന, ക്ഷീണം, ലിംഫ്നോഡിനു വീക്കം ഇതെല്ലാം ചില ലൈംഗികരോഗങ്ങളുടെ ലക്ഷണമാകാം. പ്രത്യേകിച്ച് സിഫിലിസ്, എച്ച്ഐവി തുടങ്ങിയ അണുബാധകളുടെ ആദ്യഘട്ടത്തിൽ ഈ ലക്ഷണങ്ങൾ പ്രകടമാകും.
കരുതല്‍ എങ്ങനെ?:
യോനി, മലദ്വാരം, വായ (oral sex) എന്നിവയിലൂടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എല്ലായ്പ്പോഴും ലാറ്റക്സ് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക. ഇത് ലൈംഗിബന്ധത്തിലൂടെ രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കുറയ്ക്കും. ലിംഗത്തിലോ, യോനിയിലോ അനുബന്ധ ഭാഗങ്ങളിലോ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അത്തരം വ്യക്തികളുമായി ലൈംഗികബന്ധം ഒഴിവാക്കുക. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സ തേടാനും കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തുന്നതിലൂടെ സാധിക്കും. പ്രത്യേകിച്ച് ഒരാൾക്ക് ഒന്നിലധികം പങ്കാളികൾ ഉണ്ടെങ്കിൽ തീർച്ചയായും ചെക്കപ്പ് നടത്തണം. ലൈംഗികാരോഗ്യത്തെക്കുറിച്ചും ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും, രോഗം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പങ്കാളിയോട് തുറന്ന് സംസാരിക്കാം.