സ്പെയിനില്‍ പ്രിയാപിസം എന്ന രോഗവുമായി ആശുപത്രിയിലെത്തിയ യുവാവിന് കൃത്യമായ ചികിത്സ കിട്ടാത്ത പശ്ചാത്തലത്തില്‍, 44 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. എന്തുതരം രോഗാവസ്ഥയാണ് പ്രിയാപിസം?.. പലര്‍ക്കും ഇതിനെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നതാണ് വാസ്തവം.
പുരുഷലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയെയാണ് പ്രിയാപിസം എന്ന് അറിയപ്പെടുന്നത്. ലൈംഗികോത്തേജനമില്ലാതെ, ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണം നടക്കുന്ന അപൂര്‍വ അവസ്ഥയാണിത്. മുപ്പത് പിന്നിട്ട പുരുഷന്മാരിലാണ് കൂടുതലായും പ്രിയാപിസം കണ്ടുവരുന്നത്. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്.
ശരിയായ രീതിയില്‍ രക്തയോട്ടമുണ്ടാവാനായി കഴിക്കുന്ന 'ബ്ലഡ് തിന്നര്‍ മെഡിസിന്‍സ്, ഹോര്‍മോണ്‍ തെറാപ്പി, മള്‍ട്ടിപ്പിള്‍ മൈലോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം പ്രിയാപിസത്തിന് കാരണമായേക്കാം.
പ്രധാനമായും അള്‍ട്രാസൗണ്ട് സ്‌കാനിങ്, ബ്ലഡ് ടെസ്റ്റ് എന്നിവ വഴിയാണ് ഈ രോഗം കണ്ടെത്തുന്നത്. സമയബന്ധിതമായി ചികിത്സ കിട്ടിയില്ലെങ്കില്‍ ലിംഗത്തിന്‍റെ ഉദ്ധാരണശേഷി സ്ഥിരമായി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം. ഭൂരിഭാഗം കേസുകളിലും, കടുത്ത വേദനയോടെയായിരിക്കും പ്രിയാപിസം എന്ന രോഗാവസ്ഥയില്‍ ലിംഗോദ്ധാരണം നടക്കുക.
നാലോ അതില്‍ അധികമോ മണിക്കൂറുകളോളം ലിംഗത്തിന്‍റെ അഗ്രഭാഗം മാര്‍ദ്ദവത്തിലും ശേഷിക്കുന്ന ഭാഗം ബലത്തിലും തുടരുന്ന അവസ്ഥയാണിത്. സ്പെയിനിലെ യുവാവിന്‍റെ കേസില്‍, ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം 30 മണിക്കൂറാണ് ഉദ്ധാരണം സംഭവിച്ചത്.
വലന്‍സിയയിലെ അല്‍ബൈദയിലെ ഹെല്‍ത്ത് സെന്‍ററിലാണ് യുവാവ് ആദ്യം ചികില്‍സ തേടിയത്. ഇവിടെ നിന്ന് രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ തന്നെ ഒന്‍റിനിയന്‍റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ കൃത്യമായ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി. യൂറോളജിസ്റ്റിനെ കാണാന്‍ നേരത്തെ അപ്പോയിന്‍മെന്‍റ് ആവശ്യമാണെന്നും കാത്തിരിക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.