തോട്ടം മേഖലയുടെ നിർവചനം പൊളിച്ചെഴുതുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പ്ളാന്റേഷൻ പരിധിയിൽ പഴവർഗകൃഷികളെ ഉൾപ്പെടുത്താനാണ് തീരുമാനം.

റബർ സബ്സിഡിക്ക് ബജറ്റിൽ 500 കോടി വകയിരുത്തിയപ്പോൾ നെല്ലിന്റെ താങ്ങുവില 28 രൂപ ഇരുപത് പൈസയാക്കി ഉയർത്തി.പ്ളാന്റേഷൻ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ നടപടിയായിട്ടാണ് പഴവർഗ കൃഷികളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ബജറ്റിൽ ഉയർത്തിക്കാട്ടുന്നത്. ഇതിന് ഭൂപരിഷ്കരണനിയമത്തിൽ ആവശ്യമായ ഭേദഗതികൾ വേണ്ടിവരും. അതേസമയം, റബർ, കാപ്പി, തേയില, ഏലം എന്നിവയ്ക്കൊപ്പം കശുമാവിനെ പ്ളാന്റേഷൻ പരിധിയിൽ കൊണ്ടുവന്നപ്പോൾ നിയമഭേദഗതി വേണ്ടിവന്നിരുന്നില്ലെന്ന് മന്ത്രി പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. റബർ സബ്സിഡിക്ക് 500 കോടി വകയിരുത്തിയെന്ന് പ്രഖ്യാപനത്തിന് ഭരണപക്ഷത്ത് നിന്ന് ലഭിച്ചത് നിറഞ്ഞ കൈയ്യടി.

റബർ മേഖലയിലെ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരമായി റബറൈസ്ഡ് റോഡുകൾ കൂടുതൽ നിർമിക്കും. ടാറിനൊപ്പം റബർ മിശ്രിതം ചേർക്കുന്ന പദ്ധതിക്ക് 50 കോടി രൂപയും മാറ്റി. നെല്ലിന്റെ താങ്ങുവില കൂട്ടുന്നതിനൊപ്പം നെൽക്കൃഷി പ്രോൽസാഹിപ്പിക്കാൻ 76 കോടിയാണ് നീക്കിവച്ചു. തോട്ടം മേഖലയെ കൂടുതൽ വിശാലമാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റിലെ ഹൈലൈറ്റ്. ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിച്ചുകൊണ്ടു തന്നെ തോട്ടം മേഖലയെ താങ്ങിനിർത്താൻ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.