ദീപാവലി ആഘോഷം കെങ്കേമമാക്കി അയോദ്ധ്യ. സരയൂ നദിക്കരയില്‍ പിറന്ന വര്‍ണ്ണക്കാഴ്ച രാജ്യത്തിന് സമ്മാനിച്ചത് ഒരു ലോകറെക്കാര്‍ഡുകൂടിയാണ്. 51 ഇടങ്ങളിലായി ഒരേ സമയം തെളിഞ്ഞത്  22 ലക്ഷം ദീപങ്ങളാണ്. രാജ്യത്തിന് എന്നും അഭിമാനമാണ് അയോദ്ധ്യയിലെ ദീപോല്‍സവം. എന്നാല്‍ ഇത്തവണത്തെ ആഘോഷത്തിലൂടെ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഉത്തര്‍പ്രദേശ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം അയോദ്ധ്യയില്‍ തെളിഞ്ഞത് 17 ലക്ഷത്തിലധികം ദീപങ്ങളാണ്. അതുവഴി ഗിന്നസ് ബുക്കില്‍ ഏറ്റവും വലിയ ദീപോല്‍സവമെന്ന പേരില്‍ ഇടംനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ റെക്കോര്‍‍ഡാണ് 22 ലക്ഷം ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് തിരുത്തിക്കുറിച്ചത്. അയോദ്ധ്യയില്‍ ഇത്തരത്തിലൊരു ദീപോല്‍സവം ആരംഭിക്കുന്നത് 2017ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. 2017ല്‍ 51000 ദീപങ്ങളാണ് അയോദ്ധയില്‍ തെളിയിച്ചത്. ഓരോ വര്‍ഷം കഴിയുമ്പോഴും തെളിയുന്ന ദീപങ്ങളുടെ എണ്ണത്തിലും സാരമായ മാറ്റമുണ്ടായി. ദീപോല്‍സവം അയോദ്ധ്യയില്‍ വലിയൊരു ആഘോഷമായി മാറുകയായിരുന്നു.  

2019ല്‍ നാലുലക്ഷത്തില്‍ പരം ദീപങ്ങള്‍ അയോദ്ധ്യയില്‍ തെളിഞ്ഞപ്പോള്‍ 2020ല്‍ അത് ആറുലക്ഷമായി. 2022 ആയപ്പോള്‍ 17 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഇത്തവണ അത് വീണ്ടും തിരുത്തിക്കുറിച്ചു. ലോകറെക്കോര്‍ഡിന്‍റെ സാക്ഷിപത്രം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. വിപുലമായ ദീപാവലി ആഘോഷത്തിനാണ് ഇത്തവണ ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചത്. നിശ്ചലദൃശ്യങ്ങള്‍ ഉള്‍ക്കൊളളുന്ന മഹത്തായ ഘോഷയാത്രയോടെയാണ് അയോദ്ധ്യയില്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്. ഉദയ സ്ക്വയറില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരത്തിന്‍റെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ച് രാംകഥ പാര്‍ക്കിലെത്തിയാണ് അവസാനിച്ചത്.

Diwali celebrations in Ayodhya