diwali-sweets

ഗൃഹാതുരത്വത്തിന്റെ ഭാഗമായ ദീപാവലി പലഹാരങ്ങൾ കാത്ത് വിദേശത്തുള്ള ഇന്ത്യക്കാര്‍. കുടുംബാംഗങ്ങൾക്ക് പലഹാരങ്ങള്‍ അയയ്ക്കാന്‍ വന്‍ തിരക്ക്. കൊറിയറുകാർക്ക് ഇത് നല്ല കാലം. 

ചെന്നൈ മൈലാപ്പൂരിലെ രാമകൃഷ്ണ മുട്ട് റോഡിൽ എവിടെ തിരിഞ്ഞാലും വിദേശത്തേക്ക് പാഴ്സൽ അയക്കുന്ന കടകളാണ്. ഇടുങ്ങിയ ഈ കെട്ടിടങ്ങൾക്കിടയിൽ ദീപാവലി എത്തിയതോടെ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി.  വീട്ടിൽ ഉണ്ടാക്കിയതും, കടയിൽ നിന്ന് വാങ്ങിയതുമായ ദീപാവലി പലഹാരങ്ങൾ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക്  അയക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.

ക്വീൻസ് അബ്രോയ്ഡ് പാക്കേഴ്സ്  എന്ന ഈ കടയിൽ നിന്നും ദിവസേന കിലോ കണക്കിന് പലഹാരങ്ങളാണ് കയറ്റി അയക്കുന്നത്. ഉന്നത പഠനത്തിനും , ജോലിക്കുമായി ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും വിദേശത്തേക്ക് ചേക്കേറാൻ തുടങ്ങിയതോടെയാണ് ദീപാവലി കാലം കൊറിയർക്കാരുടെ നല്ല കാലമായത്. ചില മാതാപിതാക്കൾ പലഹാരത്തിനപ്പുറം, പാത്രവും, വസ്ത്രവുമൊക്കെ വിദേശത്തുള്ള മക്കൾക്ക് അയച്ചുകൊടുക്കുകയാണ്.

യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ കൊറിയറും. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പ് എങ്കിലും അയച്ചാലെ കൃത്യസമയത്ത് പലഹാരങ്ങൾ എത്തുകയുള്ളൂ. ഗൃഹാതുരത്വത്തിന്റെ ഭാഗമായ ദീപാവലി പലഹാരങ്ങൾ കാത്ത് വിദേശത്ത് നിരവധി ഇന്ത്യക്കാരാണ് ഉള്ളത്. അവരെ നിരാശരാക്കാതിരിക്കാൻ കഴിയുന്നത്ര ജാഗ്രതയോടെയാണ് ഓരോ പെട്ടിയും കൈകാര്യം ചെയ്യുന്നത്. ഭക്ഷണസാധനങ്ങൾ ആയതിനാൽ കൃത്യമായി പാക്ക് ചെയ്യണം. ചിലതൊക്കെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞാണ് അയക്കുന്നത്.

ഓൺലൈൻ ഷോപ്പിംങും, സർക്കാർ നിയന്ത്രണങ്ങളും വന്നതോടെ ഈ ദീപാവലി കാലം പല മേഖലകളും ബുദ്ധിമുട്ടിലാണ്. എന്നാൽ മറുവശത്ത് കൊറിയർ പോലെ, പല പുതിയ മേഖലകൾക്കും ദീപാവലി ഉണർവ് ഏകുകയാണ്.

Diwali sweets and courier service