ഖത്തർ ലോകകപ്പ് ഫൈനലിലെ കലാശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് അർജന്റീന ലോകകപ്പ്കിരീടം നേടിയതിനു പിന്നാലെ മെസി ഈ ലോകകപ്പ് അര്‍ഹിക്കുന്നുവെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പെലെയുടെ പ്രതികരണം. 

'ഫുട്ബോൾ ഇന്നും എപ്പോഴത്തെയും പോലെ ആവേശകരമായി അതിന്റെ കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. താനർഹിക്കുന്നത് പോലെ മെസി അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് കിരീടം നേടിയിരിക്കുന്നു'. പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോള്‍ഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയ ഫ്രാൻസിന്റെ സൂപ്പർ താരം എംബാപെയെയും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പെലെ പരാമർശിച്ചു.

എന്റെ പ്രിയ സുഹൃത്ത് എംബാപെ. ഒരൊറ്റ ഫൈനലിൽ നാലു ഗോളുകളാണ് അദ്ദേഹം നേടിയത്. ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ കഴിഞ്ഞതു തന്നെ നമുക്ക് ലഭിച്ച സമ്മാനമാണ് എന്നാണ് പെലെ പ്രതികരിച്ചത്.

അർജന്റീനയ്ക്ക് അഭിനന്ദനമറിയിച്ച പെലെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ആഫ്രിക്കൻ  രാജ്യമായ മൊറോക്കോയേയും തന്റെ പോസ്റ്റിലൂടെ അഭിനന്ദനമറിയിച്ചു. അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയെ പരാമർശിച്ചാണ് പെലെ തന്റെ പോസ്റ്റ് ്അവസാനിപ്പിച്ചത്.

'മൊറോക്കോയുടെ അവിശ്വസനീയമായ ക്യാംമ്പയ്ന് അവരെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണുന്നതിൽ സന്തോഷമുണ്ടെ്. അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! തീർച്ചയായും ഡീഗോ ഇപ്പാൾ ചിരിക്കുകയാണ്'- പെലെ കുറിച്ചു.

കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

Lionel Messi "Deserved" To Win World Cup, Says Brazilian Legend Pele