രാജ്യത്ത് ഐക്യം സ്ഥാപിക്കലും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കലുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചത്.
ജനാധിപത്യത്തിന്റെ പ്രഭാവം ഈ തലമുറയിൽ മാത്രം ഒതുങ്ങരുതെന്നും എല്ലാ തലമുറകളിലും വ്യാപിക്കണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിലുള്ളവരുടെ അവകാശങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യട്ടെ. ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യത്തെ പറ്റിയും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ പറ്റിയും പറഞ്ഞത്.
അതേ സമയം, ഗുജറാത്തില്‍ അതി ദയനീയ തോല്‍വിയിലേക്കാണ് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്. 2017 ല്‍ 77 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 16 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. കോണ്‍ഗ്രസിനെ സഹായിച്ചിരുന്ന ഗ്രാമീണ ഗോത്ര മേഖലകളെല്ലാം ഇത്തവണ കോണ്‍ഗ്രസിനെ കൈവിട്ടു. ഹിമാചല്‍ പ്രദേശില്‍ 39 സീറ്റില്‍ ലീഡ് നേടി അധികാരത്തിലെത്താനായതാണ് പാര്‍ട്ടിയുടെ ഏക ആശ്വാസം.