TAGS

മധ്യകേരളത്തിലെ കാന്‍സര്‍ ബാധിതരുടേയും ശ്രദ്ധയൂന്നേണ്ട പ്രദേശങ്ങളുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ റജിസ്ട്രിക്കുള്ള പദ്ധതി തയാറായി. കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രമാണ് റജിസ്ട്രി തയാറാക്കുന്നത്. ഇതിനൊപ്പം എറണാകുളം ജില്ല കേന്ദ്രീകരിച്ച് ബോധവത്കരണ പ്രതിരോധ ചികിത്സാപദ്ധതികളിലൂടെ അര്‍ബുദത്തിനെതിരായ കൂട്ടായ പോരാട്ടത്തിനും കൊച്ചി കാന്‍സര്‍ സെന്റര്‍ തുടക്കമിടുകയാണ്. 

സംസ്ഥാനത്ത് അര്‍ബുദ നിരക്ക് ഉയരുമ്പോഴും രോഗബാധിതരുടെ ക്യത്യം കണക്കും ഏത് തരം അര്‍ബുദമാണ് കൂടതലെന്നത് സംബന്ധിച്ച  പഠനങ്ങളൊന്നും തന്നെ ഇല്ലാത്തതാണ് അര്‍ബുദരോഗ പ്രതിരോധത്തിന് തടസമാകുന്നത്. ആര്‍സിസിയിലേയും മലബാര്‍ കാന്‍സര്‍ സെന്ററിലേയും റജിസ്ട്രി മാത്രമാണ് ആധികാരിക രേഖ. ഇതിലൊന്നും മധ്യകേരളത്തിലെ ജില്ലകള്‍ ഇടംനേടുന്നില്ല. ആദ്യഘട്ടമായി എറണാകുളം  ജില്ലയിലെ കാന്‍സര്‍ ബാധിതരുടെയും രോഗം വ്യാപകമായ പ്രദേശങ്ങളുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാന്‍സര്‍ റജിസ്്ട്രിയാണ് തയാറാക്കുന്നത്. രണ്ട് മാസത്തിനകം ഇത് പൂര്‍ത്തിയായേക്കും.‌

32.8 ലക്ഷം ജനസംഖ്യയുള്ള ജില്ലയില്‍ വര്‍ഷം തോറും 5400 പുതിയ കാന്‍സര്‍ രോഗികള്‍ ചികില്‍സ തേടുന്നുവെന്നാണ് കണക്ക്. 16,200 പേര്‍ അര്‍ബുദത്തോട് പടപൊരുതി ജീവിക്കുന്നുമുണ്ട്. സംസ്ഥാനത്തെ ഞെട്ടിക്കുന്ന കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ഇത് ശരാശരിയാണെന്ന് പറയാമെങ്കിലും ഭാവിയിലേക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. പ്രതിരോധ ബോധവല്‍ക്കരണ ചികില്‍സാപദ്ധതികളിലൂടെ പരമാവധി രോഗികളേയും അവരുടെ കുടുംബങ്ങളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനും കൊച്ചി കാന്‍സര്‍ കേന്ദ്രം തുടക്കമിട്ടുകഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ യൂണിറ്റുകളും സന്നദ്ധസംഘടനകളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്തുള്ള അപൂര‍്‍വമായ ഒരു കൂട്ടായ്മക്ക് രൂപം നല്‍കുകയാണ് കളമശേരി കാന്‍സര്‍ ഗവേഷണ കേന്ദ്രം. മധ്യകേരളത്തിലെ കാന്‍സര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതായിരിക്കും ഭാവിയിലെ മാതൃക.