TAGS

അതിജീവനാനുഭവങ്ങളുടെ പെരുമഴ പെയ്ത്, മനോരമ ന്യൂസ് കേരളാകാന്‍ നാലാം സീസണിന് സമാപ്തി.  നിര്‍ധനരായ കാ‍ന്‍സര്‍ രോഗികള്‍ക്ക് ഒരുകോടി രൂപയുടെ ചികില്‍സാപദ്ധതിയാണ് നാലാം സീസണിലും പ്രഖ്യാപിച്ചത്.  കാന്‍സര്‍ പ്രതിരോധവും ചികില്‍സയും മുന്‍നിര്‍ത്തിയുള്ള മനോരമ ന്യൂസിന്റെ സാമൂഹ്യപ്രതിബദ്ധതാ ദൗത്യം പ്രശംസനീയമാണെന്ന് ചടങ്ങിലെ മുഖ്യാതിഥി നടന്‍ ജയസൂര്യ പറഞ്ഞു.  

ഒരു മാസത്തിലധികം നീണ്ട രോഗപരിശോധ ക്യാംപുകള്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കും ശേഷമാണ്  മൂന്നുമണിക്കൂര്‍ നീണ്ട തല്‍സമയ പരിപാടികളോടെ കേരളകാന്‍ നാലാംസീസണിന് സമാപനമായത്.  കല്യാണ്‍ ജുവലേഴ്സ് സി.എം.ഡി കല്യാണരാമന്‍, മനോരമ ന്യൂസ് ന്യൂസ് ഡയരക്ടര്‍ ജോണി ലൂക്കോസ്,  അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്‍ ജയസൂര്യയാണ് ഒരു കോടിയുടെ ചികില്‍സാ സഹായം പ്രഖ്യാപിച്ചത്. 

കാന്‍സര്‍ ചികില്‍സാ രംഗത്തെ വിദഗ്ധരും രോഗത്തെ അതിജീവിച്ചവരും അണിനിരന്ന ലൈവത്തണില്‍ കേരളാ കാന്‍ ബ്രാന്‍ഡ് അമ്പാസിഡര്‍ മഞ്ജുവാരിയര്‍ അവതാരകയായി. കേരളത്തിലെ കാന്‍സര്‍ രോഗവിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലപ്രഖ്യാപനവും ലൈവത്തണിന്റെ മുഖ്യസന്ദേശങ്ങളിലൊന്നായി. 

കല്യാണ്‍ ജുവലേഴ്സിന്‍റെ സഹകരണത്തോടെയും അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിന്റെ പങ്കാളിത്തത്തോടെയും നടന്ന നാലാംസീസണില്‍ വിദഗ്ദ ഉപദേശങ്ങളും കേട്ടു.

കാൻസറിനെ നേരിടാനും കീഴടക്കാനും കരുതലും കരുത്തും എന്ന സന്ദേശവുമായാണ് മലയാളത്തിലെ ഒരു ദൃശ്യമാധ്യമം ഏറ്റെടുത്ത ഏറ്റവും വലിയ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യം യാത്ര തുടരുന്നത്.