നിശ്ചയദാർഢ്യം കൊണ്ട് കാൻസറിനെ പലവട്ടം പൊരുതി തോൽപിച്ച ജേക്കബിനെ പരിചയപ്പെടാം. അജ്മാനിൽ സ്കൂൾ പ്രിൻസിപ്പിലായ ഡോ. എസ്.ജെ. ജേക്കബ് ആറ് വർഷത്തിനിടെ 43 തവണയാണ് കിമോതെറാപ്പിക്ക് വിധേയനായത്. നിറഞ്ഞപുഞ്ചിരിയോടെ എല്ലാത്തിനെയും നേരിട്ട് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ജേക്കബ്,, യുഎഇയെന്ന രാജ്യം പ്രവാസികൾക്ക് നൽകുന്ന കരുതലിന്റെ കൂടെ പ്രതീകമാണ്. രണ്ടരകോടിയിലേറെ രൂപയാണ് യുഎഇ സർക്കാർ ഇദ്ദേഹത്തിൻറെ ചികിൽസയ്ക്കായി ചെലവിട്ടത്.
ഒന്നല്ല നാലുവട്ടമാണ് അജ്മാൻ അൽ അമീർ സ്കൂൾ പ്രിൻസിപ്പിലായ ഡോ.എസ്.ജെ. ജേക്കബിനെ തേടി കാൻസറെത്തിയത്. ഓരോ തവണയും പതറാതെ പൊരുതി കാൻസറിനെ വരുതിയിലാക്കിയ ജേക്കബ് സാറിന് ഏറ്റവും ഒടുവിലായി കരളിലാണ് രോഗം കണ്ടെത്തിയത്. 2018ലാണ് ആദ്യമായി കാൻസർ കണ്ടെത്തിയത്.
അൽ ഐനിലെ അൽ തവാം ആശുപത്രിയിലെ കൃത്യമായ തുടർപരിശോധനകളിലാണ് 2021ൽ തലച്ചോറിൽ കാൻസർ കണ്ടെത്തിയത്. ഡൽഹിയിലായിരുന്നു ശസ്ത്രക്രിയ. 22 ആയപ്പോഴേക്കും ശ്വാസകോശത്തിൽ കാൻസർ പിടിമുറുക്കി . ചികിൽസാചെലവെല്ലാം വഹിക്കുന്നത് യുഎഇ സർക്കാറാണ്.
ഒന്ന് മാറുമ്പോൾ അടുത്തതെന്ന ക്രമത്തിൽ കാൻസറിങ്ങിനെ വിടാതെ പിന്തുടരുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്നാണ് ജേക്കബ് സാറിന്റെ പക്ഷം. ഇതിനിടെ വന്ന ഹൃദയാഘാതത്തെയും ചിരിച്ചുകൊണ്ട് നേരിട്ടു. ഇടയ്ക്ക് ആന്തരിക രക്തസ്രാവവും വന്നതിനെ തുടർന്ന് 10 യൂണിറ്റ് രക്തമാണ് കുത്തിവച്ചത്. ആറ് വർഷത്തിനിടെ പലകുറി വന്ന കാൻസറിനായി ചെയ്തത് 43 കീമോതെറാപ്പി.
അൽ അമീർ സ്കൂളും അവിടുത്തെ കുട്ടികളും സഹപ്രവർത്തകരുമാണ് കുടുംബത്തിനൊപ്പം ജേക്കബ് സാറിന്റെ കരുത്ത്. സ്കൂളിലെത്തിയാൽ പിന്നെ കാൻസറിനെ മറക്കും. രണ്ട് വട്ടം രണ്ട് ഇന്ത്യൻ രാഷ്ട്രപതിമാരിൽ നിന്നായി അധ്യാപനത്തിലെ മികവിന് പുരസ്കാരവും നേടിയുണ്ട് ജേക്കബ് സാർ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 31 വർഷം മുൻപാണ് അൽ അമീർ സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി എത്തിയത്. വൈകാതെ ഇതേ സ്കൂളിൽ പ്രിൻസിപ്പിലായി. ഭാര്യ സാലി ഇതേ സ്കൂളിൽ മലയാളം അധ്യാപികയായിരുന്നു.