വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരള കാന്‍ ലൈവത്തണ്‍ നാളെ. രാവിലെ 10 മുതല്‍ പന്ത്രണ്ടരവരെ നീളുന്ന ലൈവത്തണില്‍ കേരള കാന്‍ മുഖമായ ജയസൂര്യ, ക്യാന്‍സറിനെ അതിജീവിച്ചവര്‍, കരുത്തുപകര്‍ന്നവര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അണിചേരും. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ചായിരുന്നു ഇത്തവണത്തെ കേരള കാന്‍.
കൂട്ട്, അകലങ്ങളിലെ തുണ എന്നിങ്ങനെ കാന്‍സറിനെ നേരിടുന്നവര്‍ക്ക് ആശ്വാസമാകുന്ന സന്ദേശവുമായാണ് ഇത്തവണ ലൈവത്തണ്‍. സുഹൃത്തിന്റെ അഭിലാഷം നിറവേറ്റാന്‍ പാട്ടൊരുക്കിയ ദീപക് ദേവ്, വിനോദ് വര്‍മ, നിര്‍മല്‍ ആന്റണി എന്നിവരും ഉറ്റ തോഴന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത ചിത്രകാരന്‍ റാസി റൊസാരിയോയും ലൈവത്തണിന്റെ ഭാഗമാവും.
ഉറ്റവര്‍ ആരും കൂട്ടിനില്ലാത്ത അകലങ്ങളില്‍ പ്രതിസന്ധികള്‍ നേരിട്ടവരും മറ്റുള്ളവര്‍ക്ക് താങ്ങായവരും ലൈവത്തണിന്റെ ഭാഗമാവും. പന്ത്രണ്ടാം വയസില്‍ രക്താര്‍ബുദം പിടിപെട്ടിട്ടും ജീവിതത്തില്‍ പോരാട്ടത്തിന്റെ പുതുചിത്രങ്ങള്‍ വരച്ച ഇസ ഫാത്തിമ പകരുന്ന സന്ദേശം അവളുടെ ചെറുപ്രായത്തേക്കാള്‍ എത്രയോ വലുതാണ്.
ഗായിക ശ്വേത മോഹന്‍, കാന്‍സര്‍ പോരാളികളായ നിഷ ജോസ് കെ. മാണി, വ്ളോഗര്‍ ഷീബ ബൈജു, നടി ജയ നൗഷാദ്, എസ്.ജെ.ജേക്കബ് മൈത്രി ശ്രീകാന്ത്, സ്മിത സലീം, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മാനേജര്‍ ഫാ. സിജോ പന്തപ്പിള്ളില്‍, ഡയറക്ടറും സിഇഒയുമായ ഡോ, ജോര്‍ജ് എം.ചാണ്ടി, തുടങ്ങിയവര്‍ അതിഥികളായെത്തും. കൃഷി മന്ത്രി പി. പ്രസാദും ലൈവത്തണിന്‍റെ ഭാഗമാകും.