izza-kcan
  • കേരള കാന്‍ ലൈവത്തണില്‍ ശ്രദ്ധേയായ ഇസ ഫാത്തിമയ്ക്ക് കൈത്താങ്ങ്
  • രക്താര്‍ബുദത്തെ തോല്‍പിച്ച 13 വയസുകാരിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന് വാഗ്ദാനം
  • പഠനച്ചെലവ് ഏറ്റെടുത്ത് ബിലീവേഴ്സ് ചര്‍ച്ച്, പ്ലസ് ടു വരെ പഠനം, ഒപ്പം ചിത്രകല, നൃത്തപഠനവും

കാന്‍സറിന് മുന്നില്‍ തളരാതെ പുതുജീവിതം പടുത്തുയര്‍ത്തി, മനോരമ ന്യൂസ് കേരള കാനിലൂടെ ശ്രദ്ധേയയായ പതിമൂന്നുകാരി ഇസ ഫാത്തിമയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. മക്കയില്‍ പോകണമെന്ന ആഗ്രഹം സഫലമാക്കാന്‍ സഫാരി ഗ്രൂപ്പ് എംഡി സൈനുല്‍ ആബിദും, പഠനച്ചെലവ് ഏറ്റെടുക്കാന്‍ ബിലീവേഴ്സ് ചര്‍ച്ചുമാണ് മുന്നോട്ടുവന്നത്. ഇസയുടെ ആഗ്രഹ സഫലീകരണത്തിന് നിമിത്തമായതില്‍ മനോരമ ന്യൂസിനും ഇതു സന്തോഷ നിമിഷം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രക്താര്‍ബുദത്തെ തോല്‍പ്പിച്ച ഇസ ഫാത്തിമ മനോരമ ന്യൂസിലൂടെയാണ് ഉള്ളിലെ ആഗ്രഹം പറഞ്ഞത്. മോഹം കേട്ടതോടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം വിവിധ ബിസിനസ് സംരംഭങ്ങളുള്ള സഫാരി ഗ്രൂപ്പ് എംഡി സൈനുല്‍ ആബിദ് കുടുംബത്തെ ബന്ധപ്പെട്ടു. ഇസ മോളെയും കൂടെ ഉമ്മ മുബീനയെയും  ഉംറയ്ക്ക് കൊണ്ടുപോകാനുള്ള ചിലവെല്ലാം വഹിക്കാമെന്നായിരുന്നു സന്ദേശം. ആഗ്രഹം പൂവണിയുന്ന സന്തോഷത്തിലാണ് ഇന്ന് ഇസ ഫാത്തിമ. 

ഇസയുടെ ആഗ്രഹ സഫലീകരണത്തിന് നിമിത്തമായതില്‍ മനോരമ ന്യൂസിനും ഇതു സന്തോഷ നിമിഷം

ഇസയുടെ മുന്നോട്ടുള്ള പഠന ചെലവാണ് ബിലീവേഴ്സ് ചര്‍ച്ച് ഏറ്റെടുക്കുക.  പ്ലസ് ടു വരെയുള്ള പഠനവും ചിത്രരചനയും നൃത്തവും പഠിക്കാനുള്ള ആഗ്രഹവും നിറവേറ്റും.  മകളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ഒരിക്കലും  കഴിയില്ലെന്ന് കരുതിയ മാതാപിതാക്കള്‍ക്ക്  സ്നേഹം പറഞ്ഞറിയിക്കാനാകാത്തതാണ്. മനോരമ ന്യൂസിനും കുടുംബം നന്ദി പറഞ്ഞു. സ്വന്തമായൊരു വീടാണ് അടുത്ത സ്വപ്നം. ഒരിക്കല്‍ അതും പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുബാലിക.