അനധികൃത കുടിയേറ്റക്കാരെച്ചൊല്ലി അമേരിക്കയ്ക്കെതിരെ കര്‍ശനനിലപാട് പ്രഖ്യാപിച്ച കൊളംബിയ മണിക്കൂറുകള്‍ക്കകം ട്രംപിന് മുന്നില്‍ മുട്ടുമടക്കി. അമേരിക്ക തിരിച്ചയച്ച കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സന്നദ്ധത അറിയിച്ചു. ഇതോടെ കൊളംബിയയ്ക്കുമേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതിച്ചുങ്കം മരവിപ്പിച്ചു. അതിനിടെ ഗാസയിലെ പലസ്തീനികളെ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും മാറ്റിപ്പാര്‍പ്പിക്കണമെന്ന ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായി
കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനത്തിന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ലാന്‍ഡിങ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ട്രംപ് 25 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അമേരിക്കയ്ക്കെതിരെ ഇറക്കുമതിച്ചുങ്കം ചുമത്തി ട്രംപിനെതിന് അതേ നാണയത്തില്‍ മറുപടി നല്‍കി. കുടിയേറ്റക്കാരെ സൈനികവിമാനങ്ങളില്‍ തിരിച്ചയക്കുന്ന അമേരിക്കന്‍ സമീപനം അംഗീകരിക്കില്ലെന്നും വേണ്ടിവന്നാല്‍ തന്റെ ഔദ്യോഗിക വിമാനം അയക്കുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്ന അമേരിക്ക വീസനിയന്ത്രണം ഉള്‍പ്പെടെ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയതോടെയാണ് കൊളംബിയ അയഞ്ഞത്.
തിരിച്ചയച്ചവരെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ ഇറക്കുമതിച്ചുങ്കം മരവിപ്പിച്ച് വൈറ്റ് ഹൗസ് അനുനയത്തിന് വഴിയൊരുക്കി. അനധികൃത കുടിയേറ്റത്തില്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യു.എസ് നിലപാട്. കൊളംബിയയ്ക്കെതിരായ നടപടി മറ്റ് രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതിനിടെ ഗാസയിലെ പലസ്തീനകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ട്രംപിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ജോര്‍ദാനും ഈജിപ്തും പലസ്തീന്‍ അതോറിറ്റിയും ഉള്‍പ്പെടെ രംഗത്തുവന്നു.
താല്‍ക്കാലികമായിപ്പോലും പലസ്തീനികളെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് ഈജിപ്തിന്റെയും ജോര്‍ദാന്റെയും നിലപാട്. പലസ്തീന്‍ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അതിനിടെ ഗാസയില്‍ നിന്ന് പലായനം ചെയ്ത പലസ്തീനികളെ ഇസ്രയേല്‍ വടക്കന്‍ ഗാസയിലേക്ക് കടത്തിവിട്ടുതുടങ്ങി. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്രകാരമാണ് നടപടി