കേരളത്തില്‍ അക്കൗണ്ട് തുറന്നത് ബലിദാനികളുടെ ത്യാഗത്തിന്‍റെ നേട്ടമെന്ന് മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനം ഫലംകണ്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. മൂന്നാംതവണയും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. ജനങ്ങള്‍ ബിജെപിയിലും എന്‍ഡിഎയിലും പൂര്‍ണവിശ്വാസമര്‍പ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒഡീഷയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ വരുന്നുവെന്നും മോദി പറഞ്ഞു. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും മോദി പ്രത്യേകം പ്രശംസിച്ചു.
എക്സിറ്റ് പോളുകൾ പ്രവചിച്ചതും ബിജെപി പ്രതീക്ഷിച്ചതുമായ വിജയം കൈവരിച്ചില്ലെങ്കിലും പ്രവർത്തകരുടെ കരഘോഷത്തിനിടെയിലൂടെയായിരുന്നു വേദിയിലേക്ക് മോദിയുടെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും കടന്നുവരവ്. ‘ജയ് ജഗന്നാഥ്’ എന്നു പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പ്രതിപക്ഷം ഒന്നിച്ചെങ്കിലും ബിജെപിക്ക് ഒറ്റയ്ക്കു കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ല. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റിയാണ് നൽകാനുള്ളത്. – പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും യോഗത്തിനെത്തിയിരുന്നു
അതേസമയം, മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് ചർച്ചയായി. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 2014ൽ 3,71,784 വോട്ടുകളും (പോൾ ചെയ്തവയിൽ 36.14% വോട്ടുകൾ) 2019ൽ 4,79,505 വോട്ടുകളുമാണ് (പോൾ ചെയ്തവയിൽ 45.2% വോട്ടുകൾ) ആണ് ലഭിച്ചത്. വാരാണസിയിൽ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.