കേരളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വീറും വാശിയും ഒരല്‍പ്പം കൂടിയ പോരാട്ടം നടന്നത് വടകരയിലാണ്. വോട്ടെണ്ണലില്‍ ആവേശം അത്ര ഉയര്‍ത്താന്‍ എന്നാല്‍ വടകരക്ക് ആയുമില്ല. അതിന് പ്രധാന കാരണം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡോടെ വിജയം ഉറപ്പിച്ചതുകൊണ്ടാണ്. എന്നാല്‍ വോട്ടെണ്ണാന്‍ തുടങ്ങുന്നതിന് മുന്‍പ് വരെ വടകരയുടെ ജനഹിതം പ്രവചിക്കാന്‍ നിരീക്ഷകര്‍ വരെ തെല്ലൊന്നു മടിച്ചിരുന്നു. അത്രമേല്‍ വാശിയേറിയ പോരാട്ടമായിരുന്നു വടകരയില്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച എം.എല്‍.എ, ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ടീച്ചറമ്മ. എതിര് നില്‍ക്കുന്നത് കോണ്‍ഗ്രസിന്‍റെ ചുണക്കുട്ടി. യൂത്ത് ഐക്കണായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന പറയത്തക്ക ബ്ലാക്ക് മാര്‍ക്ക് ഒന്നുമില്ലാത്ത ഷാഫി പറമ്പില്‍. ഇതുമാത്രം മതിയായിരുന്നു വടകരയില്‍ പോര് കനക്കാന്‍. എന്നാല്‍ ആവേശം മൂത്ത് വടകരയിലെ പോര് ഇടയ്ക്കൊന്ന് കൈവിട്ടു പോയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വടകര പിന്നിട്ട വിവാദങ്ങളെ ഓര്‍ത്തെടുക്കാം.
തുടക്കകാലത്ത് സമാധാനപരമായ പ്രചാരണമായിരുന്നു വടകരയില്‍. പാലക്കാട്ടുകാരെ വിട്ടുപിരിഞ്ഞതില്‍ കണ്ണുകലങ്ങിയാണ് ഷാഫി വടകരയിലെത്തുന്നത്. വടകരക്കാര്‍ ഷാഫിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പിന്നെ പ്രചാരണം മുറുകി തുടങ്ങി. ഗള്‍ഫ് നാടുകളിലെത്തി പ്രവാസി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിച്ചു. ഷാഫിയുടെ കൃത്യമായ ആദ്യ ചുവട് അതായിരുന്നിരിക്കണം. ആ ചുവട് കൃത്യമായിരുന്നു എന്ന് കാണിക്കുന്നതായിരുന്നു എയര്‍പോട്ടില്‍ കണ്ട പ്രവാസികളുടെ പ്രവാഹം. എന്നാല്‍ ഷാഫിയുടെ ആദ്യ ചുവടിനെ ടീച്ചര്‍ നേരിട്ടത് പരിഹാസത്തോടെയായിരുന്നു. പ്രവാസികള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നാണ് അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞത്.
ശേഷം ഇരുവരും ശക്തി തെളിയിക്കാനുള്ള പോരാട്ടമായി ഷാഫി പറമ്പിലിന്‍റെ പ്രചാരണത്തിനെത്തിയ നീണ്ട നിര എല്‍.ഡി.എഫ് ക്യാംപിനെ ചൂടുപിടിപ്പിച്ചു. പിന്നാലെ വലിയൊരു പെണ്‍പടയെ അണിനിരത്തി കെ.കെ.ശൈലജ കരുത്തുകാണിച്ചു. ഷാഫി പറമ്പിലും വിട്ടു കൊടുത്തില്ല. അച്ചു ഉമ്മന്‍റെ നേതൃത്വത്തില്‍ മറ്റൊരു പെണ്‍പട ഷാഫിക്കായി തെരുവിലിറങ്ങി. ഇതിനിടെ കെ.കെ.ശൈലജ കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങുന്നതിലും മറ്റും അഴിമതി കാണിച്ചിട്ടുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് സൈബര്‍ പോരാളികള്‍ കളത്തിലിറങ്ങി. ഇതോടെ സൈബര്‍ പോര് കടുത്തു. പോര് അതിര് വിട്ടപ്പോള്‍ സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശൈലജ ടീച്ചര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നെന്നും ശൈലജ ആരോപിച്ചു. പിന്നാലെ സൈബര്‍ ആക്രമണം കൂടി. ഒടുവില്‍ വീഡിയോ ഇല്ലെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ടെന്നുമായി.
ഇതിനിടെ പാനൂരിനെ കുപ്രസിദ്ധിയിലാക്കി ഒരു സ്ഫോടനം നടന്നു. യു.ഡി.എഫ് പ്രചാരണം നടക്കുന്നതിന്‍റെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് സി.പി.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്ഫോടനം എന്നതാണ് വടകരയെ അത് കാര്യമായി പിടിച്ചുകുലുക്കാന്‍ കാരണം. സ്ഫോടനത്തില്‍ മരിച്ചവരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടി ഉണ്ടെന്ന വിവരം പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ കോലാഹലമുണ്ടായി. ഷാഫിയെ കൊല്ലാനുള്ള സി.പി.എം ഗൂഢാലോചനയാണ് സ്ഫോടനം എന്നുവരെയായി വ്യാഖ്യാനങ്ങള്‍. എന്നാല്‍ മരിച്ചവരുമായോ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുമായോ ബന്ധമില്ലെന്നായിരുന്നു സി.പി.എം ഭാഷ്യം. എന്നാല്‍ സംസ്കാര ചടങ്ങുകളില്‍ അടക്കം നിറഞ്ഞുനിന്ന സി.പി.എം സാന്നിധ്യം ആ വാദത്തെ പൊളിച്ചു. ഓരോ സംഭവത്തിന് പിന്നാലെയും സൈബര്‍ യുദ്ധം പൊടിപൊടിക്കുന്നുണ്ടായിരുന്നു. ബോംബ് സ്ഫോടനത്തിന് പിന്നാലെ 'ബോംബ് അമ്മയെന്ന്' സൈബര്‍ ലോകത്തെ കോണ്‍ഗ്രസുകാര്‍ ശൈലജ ടീച്ചറെ വിളിച്ചതും വീണ്ടും വിവാദമായി. പരാതികള്‍ ഉയര്‍ന്നു. കേസെടുത്തു.
പെണ്‍കരുത്ത് കാട്ടി ഷാഫി പറമ്പില്‍ നടത്തിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങും വിവാദം വിളിച്ചുവാങ്ങി. യു.ഡി.എഫിന്റ ബോംബ് രാഷ്ട്രീയത്തെ നിര്‍വീര്യമാക്കാന്‍ തൊഴിലുറപ്പ് മുദ്രാവാക്യം ആയുധമാക്കി എല്‍.ഡി.എഫ് രംഗത്തുവന്നു. വനിത റാലിയില്‍ പങ്കെടുത്ത ചിലര്‍ തൊഴിലുറപ്പ് തൊഴിലാളികളെ പരാമര്‍ശിച്ച് വിളിച്ച മുദ്രാവാക്യമാണ് യു.ഡി.എഫിന് തിരിച്ചടിയായത്. തൊഴിലുറപ്പിലെ പെണ്ണുങ്ങളെ അപമാനിച്ചെന്നായിരുന്നു ആരോപണം. എന്തായാലും സംഭവത്തെ തള്ളിപ്പറഞ്ഞ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ തടിയൂരി. എന്നാല്‍ വിവാദം കെട്ടടങ്ങിയില്ല. പിന്നാലെ യുഡിഎഫ് വനിതാപ്രവര്‍ത്തകര്‍ക്കെതിരെ വെണ്ണപ്പാളി പരാമര്‍ശവുമായി പി.ജയരാജന്‍ എത്തി. സമ്പന്ന സ്ത്രീകളാണ് ഷാഫിയുടെ പിന്നില്‍ അണിനിരന്നത്. വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങുന്ന നിലയിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി എത്തി എന്നായിരുന്നു പരാമര്‍ശം. ഇതും വടകരയില്‍ രാഷ്ട്രീയ ആയുധമായി.
വടകര അഴിയൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണവും വാര്‍ത്തകളില്‍ നിറഞ്ഞു. ചോര കൂടി പൊടിച്ചായിരുന്നു വടകരയിലെ തിരഞ്ഞെടുപ്പ് പോരെന്ന് ചുരുക്കം. വ്യാജപ്രചാരണം, സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി കെ.കെ. ശൈലജയ്ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ വീണ്ടും പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയായിരുന്നു കേസ്. അവിടം കൊണ്ടും ഒടുങ്ങിയില്ല പോളിങ് ദിവസം കാഫിര്‍ പരാമര്‍ശവും വാട്സ് ആപ് ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടുകളുമെല്ലാം വര്‍ഗീയ വിഷം തുപ്പി. കാഫിര്‍ പരാമര്‍ശത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്‍റെ വാദം എന്നാല്‍ സ്ക്രീന്‍ ഷോര്‍ട്ട് തന്നെ വ്യാജമാണെന്നാണ് യു.ഡി.എഫ് വാദം. കാഫിറിന്റെ പേരില്‍ സിപിഎമ്മിന്റെ മുന്‍ എംഎല്‍എയെ അടക്കം പൊലീസ് വിളിച്ചു വരുത്തിയതെന്നത് മറ്റൊരു വസ്തുത.
വിവാദങ്ങളും നിയമ പോരാട്ടങ്ങളും വാക് പോരുകളും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായി. ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും കനത്ത പോളിങ് വടകരയിൽ രേഖപ്പെടുത്തി. പോളിങ്ങിലും വിവാദങ്ങള്‍ക്ക് അറുതിയില്ലായിരുന്നു. രാത്രി ഏറെ വൈകിയും നീണ്ട പോളിങ്ങില്‍ സംശയമുന്നയിച്ച് യു.ഡി.എഫ് രംഗത്തു വന്നു. അട്ടിമറി ആരോപണവും ഉയര്‍ത്തി.
ഇതിനിടെ ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശവും ഹരിഹരനെതിരായ കൊലവിളിയും വീടിന് നേരെയുണ്ടായ ആക്രമണവും എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നിലക്കാത്ത ചര്‍ച്ചയായി തുടര്‍ന്നു. വടകരയുെട തിരഞ്ഞെടുപ്പ് ചൂടിനെ തിരിച്ചറിയാന്‍ ഇന്നലെ ജില്ലാ കലക്ടര്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ മാത്രം മതി. പ്രത്യേക സേനാവിന്യാസവും അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വടകരയിലെ വിവാദങ്ങളെ കാറ്റില്‍ പറത്തി യു.ഡി.എഫ് കൊടി നാട്ടി. കല്‍പ്പാത്തിയിലൂടെ നടന്ന പാലക്കാടിന്‍റെ നായകനെ വടകര ഹൃദയത്തിലേറ്റി.