സംസ്ഥാനത്തെ സിറ്റിങ് എംപിമാരില്‍ അഞ്ചുവര്‍ഷത്തിനിപ്പുറവും ഏറ്റവും ജനപിന്തുണയുള്ളത് രാഹുല്‍ ഗാന്ധിക്ക്. വയനാട് മണ്ഡലത്തില്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പേരും എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. രാഹുലിന്റെ പ്രകടനം ഏറ്റവും മികച്ചതെന്ന് വിലയിരുത്തിയവര്‍ തന്നെയുണ്ട് 60.13 ശതമാനം. മികച്ചതെന്ന് പറഞ്ഞത് 25.73 ശതമാനം. 11.33 പേര്‍ രാഹുലിന് ശരാശരി മാര്‍ക്ക് നല്‍കി. എംപിയുടെ പ്രകടനം മോശമെന്ന് പറഞ്ഞത് ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രം. തീരെ മോശം എന്ന് രേഖപ്പെടുത്തിയത് 1.87 ശതമാനം.

 

രാഹുലിന്റെ കരിസ്മ വയനാടിനെ കീഴടക്കിയത് 2019ലാണ്. അമേഠിയില്‍ ജയം ഉറപ്പില്ലാത്തതിനാല്‍ മാത്രം വയനാട്ടില്‍ക്കൂടി മല്‍സരിച്ച രാഹുലിനെ വയനാട് തുണച്ചത് ചെറുതായൊന്നുമല്ല. 4,31,770 വോട്ടിന്റെ അടാര്‍ ഭൂരിപക്ഷത്തിനാണ് വയനാട്ടുകാര്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയിലേക്കയച്ചത്. രണ്ടാമതെത്തിയ സിപിഐയിലെ പി.പി.സുനീറിന് ലഭിച്ചത് 2,74,597 വോട്ട് മാത്രം. 2004 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം വിജയിച്ച രാഹുലിനെ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് 2019ല്‍ അട്ടിമറിച്ചത്. ഉത്തരേന്ത്യയില്‍ മല്‍സരിക്കാന്‍ ബിജെപിയും വയനാട്ടില്‍ നിന്ന് മാറാന്‍ ഇവിടത്തെ ഇടതുപക്ഷവും രാഹുലിനെ വെല്ലുവിളിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പൊതുതിര‍ഞ്ഞെടുപ്പ് വരുന്നത്.

 

ലോക്സഭയിലെ പ്രകടനം

 

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ രാഹുല്‍ ഗാന്ധി 8 ചര്‍ച്ചകളില്‍ പങ്കെടുത്തു. 98 ചോദ്യങ്ങളുന്നയിച്ചു. വനിതാസംവരണ ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചു. പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും വിദേശകാര്യ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയിലും അംഗമാണ്. അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഈവര്‍ഷം മാര്‍ച്ച് 23ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് കോടതി ഇടപെടലിനെത്തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് അംഗത്വം പുനസ്ഥാപിച്ചുനല്‍കിയിരുന്നു.

 

 

 

 

Rahul Gandhi is the most popular MP in Kerala, says Manorama News-VMR Mood of the State Survey.