എറണാകുളം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമന്യൂസ്–വിഎംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ. എന്നാല്‍ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവുണ്ടാകും. 7.7 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 2.63 ശതമാനം വോട്ട് കൂടും. പക്ഷേ മൊത്തം വോട്ട് കണക്കാക്കുമ്പോള്‍ യുഡിഎഫിന് 7.16 ശതമാനത്തിന്റെ മേല്‍ക്കൈയുണ്ട്. എന്‍ഡിഎയുടെ വോട്ടില്‍ നേരിയ ഇടിവ് കണക്കാക്കുമ്പോള്‍ മറ്റുകക്ഷികളും സ്വതന്ത്രരും കൂടുതല്‍ വോട്ട് പിടിക്കുമെന്നും അനുമാനിക്കുന്നു. 5.12 ശതമാനത്തിന്റെ വര്‍ധനയാണ് മറ്റുള്ളവരുടെ വിഹിതത്തില്‍ കണക്കാക്കുന്നത്.

 

എറണാകുളം, പറവൂര്‍, കളമശേരി, വൈപ്പിന്‍, കൊച്ചി, ത‍‍ൃപ്പൂണിത്തുറ, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം ലോക്സഭാ സീറ്റ്. ഇതില്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് 2021 നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ട്വന്‍റി–ട്വന്‍റി, എഎപി, വീ ഫോര്‍ കൊച്ചി തുടങ്ങിയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സ്വാധീനമുള്ള മണ്ഡലമായതുകൊണ്ടാണ് മറ്റുള്ളവരുടെ വിഹിതം വര്‍ധിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്താണ് മനോരമന്യൂസ് –വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.

 

2019 ലോക്സഭാതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഹൈബി ഈഡനെ നേരിട്ടത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണ്. നേരത്തേ പാര്‍ലമെന്റംഗമായിരുന്ന പരിചയവും എറണാകുളത്തെ ശക്തമായ സ്വാധീനവും സംഘടനാശേഷിയും പിന്‍ബലമാക്കിയിറങ്ങിയ രാജീവിന് പക്ഷേ യുവ എംഎല്‍എയ്ക്കുമുന്നില്‍ അടിപതറി. 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ ഹൈബി ഈഡന്‍ ജയിച്ചുകയറിയത്. ബിജെപി സ്ഥാനാര്‍ഥിയായി വന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 1,37,749 വോട്ട് (14.24%) ലഭിച്ചു.

 

Here is the prospects of UDF, LDF and BJP in Ernakulam Loksabha constituency in 2024 election. Manorama News-VMR Mood of the State Survey result.