കേരളത്തില്‍ ലോക്സഭാ മണ്ഡലങ്ങളിലെ ജനപിന്തുണയില്‍ യു.ഡി.എഫ് മുന്നിലെന്ന് മനോരമ ന്യൂസ് –വി.എം.ആര്‍ അഭിപ്രായ സര്‍വേ. 20 മണ്ഡലങ്ങളില്‍ 17 എണ്ണം യുഡിഎഫിനും മൂന്നെണ്ണം എല്‍ഡിഎഫിനും അനുകൂലമാണ്. 12 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ശക്തമായ പിന്തുണയുള്ളപ്പോള്‍ മാവേലിക്കരയില്‍ എല്‍ഡിഎഫിന് നല്ല പിന്തുണകിട്ടി. ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നത് ഏഴ് മണ്ഡലങ്ങളിലാണ്.
43.78% പേര്‍ യുഡിഎഫിനും 37.47% പേര്‍ എല്‍ഡിഎഫിനും 15.5% പേര്‍ എന്‍ഡിഎയ്ക്കും അനുകൂലമായി പ്രതികരിച്ചു. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളാണ് യുഡിഎഫിന് ഉറച്ച പ്രതീക്ഷ നല്‍കുന്നത്. കണ്ണൂര്‍, ആലത്തൂര്‍, തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നേരിയ മുന്‍തൂക്കവുമുണ്ട്.
മാവേലിക്കരയുടെ മനസ്സ് എല്‍ഡിഎഫ് വെട്ടിപ്പിടിച്ചു. വടകരയിലും പാലക്കാട്ടും നേരിയ മുന്‍തൂക്കവുമുണ്ട്. മൂന്നുശതമാനത്തില്‍ കുറഞ്ഞ വോട്ടുവ്യത്യാസത്തില്‍ നില്‍ക്കുന്ന മണ്ഡലങ്ങള്‍ എങ്ങോട്ടും ചാഞ്ഞേക്കാം. അങ്ങനെയെങ്കില്‍ യു.ഡി.എഫിന് 12 മുതല്‍ 19 വരെ മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്. എല്‍ഡിഎഫിന് ഒന്നുമുതല്‍ എട്ട് മണ്ഡലങ്ങള്‍ വരെ സാധ്യത
എന്‍ഡിഎക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ പിന്തുണയില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരത്ത് സര്‍വേ പ്രകാരം എന്‍ഡിഎ മൂന്നാം സ്ഥാനത്താണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 47.57% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദിക്ക് കിട്ടിയ പിന്തുണ 19.05% മാത്രം.