കോഴിക്കോട് എം.കെ.രാഘവന് പാർലമെൻ്റിൽ നാലാമൂഴം ഉറപ്പെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. 11.77 ശതമാനം വോട്ടിൻ്റെ മാർജിനിൽ യു.ഡി.എഫ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. മുന്നണിയുടെ പ്രകടനത്തിനൊപ്പം സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും ഫലത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വ്യക്തം. മുതിർന്ന നേതാവ് എളമരം കരീം സ്ഥാനാർഥിയായി വന്നിട്ടും വലിയ വോട്ട് ചോർച്ച ഉണ്ടായത് സിപിഎം പരിശോധിക്കേണ്ടിവരും. ബി.ജെ.പിക്ക് മൂന്നുശതമാനത്തിനടുത്ത് വോട്ട് കൂടിയിട്ടുമുണ്ട്.
എക്സിറ്റ് പോളിൽ പങ്കെടുത്ത 46.16 ശതമാനം പേരും എം.കെ.രാഘവനാണ് വോട്ട് ചെയ്തത്. 34.39 ശതമാനം പേർ എളമരത്തിനൊപ്പം നിന്നു. 17.75 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം. 2019ൽ എം.കെ.രാഘവന് ലഭിച്ചത് 45.82 ശതമാനം വോട്ടായിരുന്നു. എൽഡിഎഫിന് 37.91 ശതമാനവും. 14.97 ശതമാനമായിരുന്നു ബിജെപി വോട്ട്.
എക്സിറ്റ് പോളിൽ എൽഡിഎഫിന് 3.51 ശതമാനം വോട്ട് കുറഞ്ഞു. യു.ഡി.എഫിന് 0.34 ശതമാനവും ബി.ജെ.പിക്ക് 2.78 ശതമാനവും വോട്ട് കൂടി.11.77 ശതമാനമാണ് യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം.
85,225 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ എ.പ്രദീപ് കുമാറിനെ പരാജയപ്പെടുത്തിയാണ് 2019ൽ എം.കെ.രാഘവൻ ലോക്സഭയിൽ ഹാട്രിക് തികച്ചത്. രാഘവന് 4,93,444 വോട്ടും പ്രദീപ് കുമാറിന് 4,08,219 വോട്ടും ബി.ജെ.പിയിലെ പ്രകാശ് ബാബുവിന് 1,61,216 വോട്ടും ലഭിച്ചു.
ഇപ്പോഴത്തെ സംസ്ഥാനമന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും കേന്ദ്രമന്ത്രി വി.മുരളീധരനെയും പരാജയപ്പെടുത്തിയാണ് 2009ൽ എം.കെ.രാഘവൻ ആദ്യമായി പാർലമെൻ്റിൽ എത്തിയത്. 838 വോട്ട് മാത്രമായിരുന്നു കന്നിയങ്കത്തിലെ ഭൂരിപക്ഷം. 2014ൽ അത് 16,883 ആയി വർധിപ്പിച്ചു. സിപിഎം പിബി അംഗം എ. വിജയരാഘവനും മുതിർന്ന ബിജെപി നേതാവ് സി.കെ. പത്മനാഭനുമായിരുന്നു രണ്ടാംവട്ടം എതിരാളികൾ.