രാജ്യസഭയിൽ കോൺഗ്രസിന് ഒരംഗത്തെ നഷ്ടമാകുമെന്നുറപ്പായി. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മികച്ച മാർജിനിൽ ജയിക്കുമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. സിറ്റിങ് എംപി എ.എം.ആരിഫിനെക്കാൾ 11.1 ശതമാനം കൂടുതൽ വോട്ട് കെ.സിക്ക് എക്സിറ്റ് പോളിൽ ലഭിച്ചു. ജയിച്ചാൽ ആലപ്പുഴയിൽ നിന്ന് ലോക്സഭയിൽ കെ.സിയുടെ മൂന്നാമൂഴമാകും ഇത്. യു.ഡി.എഫ് വോട്ടിലും എൻഡിഎ വോട്ടിലും ഗണ്യമായ വർധനയുണ്ട്.
എക്സിറ്റ് പോളിൽ പങ്കെടുത്ത 43.88 ശതമാനം പേർ കെ.സി. വേണുഗോപാലിന് വോട്ട് ചെയ്തു. ആരിഫിന് 32.78 ശതമാനം വോട്ട് ലഭിച്ചു. 22.07 ശതമാനം പേരാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് വോട്ട് ചെയ്തത്. ബിജെപി വോട്ട് 4.85 ശതമാനം വർധിച്ചപ്പോൾ യു.ഡി.എഫ് വോട്ട് 3.98 ശതമാനം കൂടി. എന്നാൽ എൽഡിഎഫിന് 8.13 ശതമാനത്തിൻ്റെ കനത്ത നഷ്ടവും ഉണ്ടായി.
2019ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയിച്ച ഏക എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു എ.എം.ആരിഫ്. 10,474 വോട്ടിനാണ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ ആരിഫ് തോൽപ്പിച്ചത്. ആരിഫിന് 4,45,970 (40.91%) വോട്ടും ഷാനിമോൾക്ക് 4,35,496 (39.95%) വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ 1,87,729 (17.22%) വോട്ട് നേടി.