ചാലക്കുടി ഇക്കുറിയും യുഡിഎഫിനൊപ്പമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. ബെന്നി ബെഹന്നാന്‍ 36.7 ശതമാനം വോട്ട് നേടി വീണ്ടും പാർലമെൻ്റിൽ എത്തുമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫിന് കനത്ത ഇടിവും എന്‍.ഡി.എക്ക് മുന്നേറ്റവും ഉണ്ടാകും.
എക്സിറ്റ് പോളിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി രവീന്ദ്രനാഥിന് 30.77 ശതമാനം പേർ വോട്ട് ചെയ്തു. 5.75 ശതമാനത്തിന്‍റെ ലീഡ് നേടി ബെന്നി ബെഹന്നാന്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് എക്സിറ്റ് പോൾ ഫലം. എന്‍.ഡി. എ സ്ഥാനാര്‍ഥി കെ.എ.ഉണ്ണികൃഷ്ണന് 18.61 ശതമാനം വോട്ട് ലഭിച്ചു.
വോട്ട് വിഹിതത്തില്‍യു ഡിഎഫിന് 2019നെ അപേക്ഷിച്ച് 11.1 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടാകും. എല്‍ഡിഎഫിന് 3.51 വോട്ട് ശതമാനം കുറയും. എന്നാല്‍ വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കെ.എ. ഉണ്ണികൃഷ്ണനിലൂടെ എന്‍.ഡി.എക്ക് സാധിക്കും. ചാലക്കുടി മണ്ഡലത്തില്‍ ബിജെപി 3.05 ശതമാനം വോട്ട് ഉയര്‍ത്തുമെന്നാണ് അനുമാനം.
2019ല്‍ 47.8 ശതമാനമായിരുന്ന യുഡിഎഫ് വോട്ട് 36.7 ശതമാനത്തിലേക്ക് പതിക്കുമെന്ന് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34.46 ശതമാനമായിരുന്നു ചാലക്കുടിയിലെ എല്‍.ഡി.എഫ് വോട്ട്. ഇക്കുറി ഇത് 30.95ആയി കുറയും. 15.56 ആയിരുന്ന എന്‍.ഡി.എ വോട്ട് 18.61 ശതമാനമായി ഉയരുകയും ചെയ്യും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,32,274 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാൻ അന്തരിച്ച ഇന്നസെൻ്റിനെ തോൽപ്പിച്ചത്. ബെന്നിക്ക് 4,73,444 വോട്ടും ഇന്നസെൻ്റിന് 3,41,170 വോട്ടും ബി.ജെ.പിയിലെ എ.എൻ.രാധാകൃഷ്ണന് 1,54,159 വോട്ടും ലഭിച്ചു.