employees-strike-2

സംസ്ഥാന സർക്കാരിന് കർശന താക്കീതുമായി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്ക്. ഭരണകക്ഷിയായ സിപിഐ അനുകൂല സംഘടനകളും യുഡിഎഫ് അനുകൂല സംഘടനകളും നടത്തിയ പണിമുടക്കിൽ സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് ജീവനക്കാർ പങ്കാളികളായി. സെക്രട്ടറിയേറ്റിൽ പണിമുടക്ക് വലിയ ചലനം സൃഷ്ടിച്ചില്ല. എങ്കിലും കഞ്ഞി വെച്ച് പ്രതിഷേധിച്ചും  വിവിധ കവാടങ്ങൾ ഉപരോധിച്ചും സെക്രട്ടറിയേറ്റ് പരിസരം ജീവനക്കാർ സമര മുഖരിതമാക്കി

 

മുഖ്യമന്ത്രിക്ക് വാഴ്ത്ത് പാട്ട് ഒരുക്കി സിപിഎം അനുകൂല സർവീസ് സംഘടന സർക്കാർ വിധേയത്വം പ്രകടമാക്കി ദിവസങ്ങൾക്കകമാണ് ഭരണ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ ജോയിന്റ് കൗൺസിൽ കൂടി പങ്കാളിയായി സർക്കാരിനെതിരെ ജീവനക്കാരും അധ്യാപകരും വലിയ പ്രതിഷേധം ഉയർത്തുന്നത്.

75 ശതമാനം ജീവനക്കാരും ജോലിക്ക് എത്തിയതിനാല്‍ സെക്രട്ടേറിയേറ്റിന്‍റെ പ്രവർത്തനം പതിവുപോലെ നടന്നു. പക്ഷെ ഭരണ സിരാകേന്ദ്രത്തിന്‍റെ പരിസരം സമര മുഖരിതമായി. സിപിഐയുടെ അധ്യാപക - സർവീസ് സംയുക്ത സമര സമിതി പ്രവർത്തകർ സെക്രട്ടറിയേറ്റിലെ ആസാദ് ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് അനുകൂല സംഘടനകൾ സെക്രട്ടറിയേറ്റ് ട്രഷറി ഗേറ്റിനു മുന്നിലും അനക്‌സിന് മുന്നിലും പ്രതിഷേധം ഉയർത്തി. അനക്സിന് മുന്നിൽ പട്ടിണി കഞ്ഞി വെച്ച് വിതരണം ചെയ്തായിരുന്നു പ്രതിഷേധം

സെക്രട്ടേറിയേറ്റിലേക്ക് കൂറ്റൻ മാർച്ചുകളും സമരക്കാർ നടത്തി. വില്ലേജ്, താലൂക്ക്, ജില്ല കളക്ടറേറ്റ് ഓഫീസുകൾ ഉൾപ്പെടുന്ന റവന്യൂ ഓഫീസുകളുടെ പ്രവർത്തനം സംസ്ഥാനത്തുടനീളം വലിയ തോതിൽ തടസ്സപ്പെട്ടു.

ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങൾക്ക് പണിമുടക്ക് കാരണമായി. പണിമുടക്കിന്‍റെ  ഭാഗമായി കൊല്ലം കലക്ടറേറ്റിന് മുന്‍പില്‍ ജോയിന്‍റ് കൗണ്‍സില്‍   കെട്ടിയ പന്തല്‍ പൊലീസ് പൊളിച്ചു. പന്തല്‍ കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് പൊലീസ് വിശദീകരണം.

മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്‍റെ ഭാഗമായി. ഇന്ന് ജോലിക്കെത്തില്ലെന്ന് മഞ്ജുഷ രേഖാമൂലം കത്ത് നല്‍കി. പത്തനംതിട്ട കലക്ടറേറ്റിനു മുന്നിൽ എൻജിഒ യൂണിയൻ പ്രവർത്തകരും ജോയിന്റ് കൗൺസിൽ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. സമരത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് എൻജിഒ യൂണിയൻ പ്രവർത്തകർ എത്തിയപ്പോൾ ആയിരുന്നു കയ്യാങ്കളി. അമ്പലപ്പുഴ താലൂക്ക് ഓഫീസ് സമരക്കാർ പുറത്ത് നിന്ന് പൂട്ടി. വിവിധ ആവശ്യങ്ങൾക്ക് എത്തിയവർ മടങ്ങി.

ENGLISH SUMMARY:

Government employees and teachers have announced a strike as a stern warning to the state government. Thousands of employees across the state participated in the strike called by the ruling party CPI and UDF organizations. The strike did not create much movement in the secretariat. However, the employees protested by pouring kanji and blocking various gates, turning the secretariat premises into a protest zone.