കാസർകോട് യു.ഡി.എഫ് നിലയുറപ്പിച്ചെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ വിജയം ഒറ്റത്തവണത്തെ പ്രതിഭാസമാണെന്ന വാദം അസ്ഥാനത്താക്കി യു.ഡി.എഫ് മികച്ച മാർജിനിൽ വിജയിക്കുമെന്നാണ് എക്സിറ്റ് പോളിൽ പങ്കെടുത്തവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോളിൽ യു.ഡി.എഫിന് 47.72 ശതമാനം വോട്ട് ലഭിച്ചു. എൽഡിഎഫിന് 34.17 ശതമാനം. ശക്തികേന്ദ്രമെന്ന് ബിജെപി അവകാശപ്പെടുന്ന കാസർകോട് 17.12 ശതമാനമാണ് എൻഡിഎ വിഹിതം.
ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും വോട്ട് കൂടിയ മണ്ഡലമാണ് കാസർകോട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എക്സിറ്റ് പോളിൽ അവർക്ക് 4.55 ശതമാനം കൂടുതൽ വോട്ട് ലഭിച്ചു. എൽഡിഎഫിന് 5.33 ശതമാനം വോട്ട് കുറഞ്ഞു. എൻഡിഎ വോട്ടിൽ 1.12 ശതമാനം വർധന രേഖപ്പെടുത്തി. എക്സിറ്റ് പോളിൽ യു.ഡി.എഫിന് ഇടതുമുന്നണിയേക്കാൾ 13.55 ശതമാനം വോട്ട് അധികം ലഭിച്ചു.
2019ലെ തിരഞ്ഞെടുപ്പിൽ കാസർകോട് യു.ഡി.എഫിന് 43.17 ശതമാനവും ഇടതുമുന്നണിക്ക് 39.5 ശതമാനവും ബി.ജെ.പിക്ക് 16 ശതമാനവും വോട്ടാണ് ലഭിച്ചത്. മറ്റുകക്ഷികളും സ്വതന്ത്രരും 1.33 ശതമാനം വോട്ടും നേടി. യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 3.67 ശതമാനമായിരുന്നു.
കന്നി ലോക്സഭാ മൽസരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെ.പി.സതീശ് ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ഉണ്ണിത്താൻ 4,74,961 വോട്ടും സതീശ് ചന്ദ്രൻ 4,34,523 വോട്ടും നേടി. ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറിന് 1,76,049 വോട്ട് ലഭിച്ചു. ഇക്കുറി സിപിഎമ്മിലെ എം.വി.ബാലകൃഷ്ണൻ മാസ്റ്ററും ബി.ജെ.പിയിലെ എം.എൽ.അശ്വിനിയുമാണ് എതിരാളികൾ.