ആലത്തൂരിൽ കെ.രാധാകൃഷ്ണനെ ഇറക്കിയ എൽഡിഎഫ് നീക്കം ലക്ഷ്യത്തിനരികെ വരെ എത്തിയെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. എന്നാൽ എക്സിറ്റ് പോളിൽ രാധാകൃഷ്ണൻ സിറ്റിങ് എംപി രമ്യ ഹരിദാസിനേക്കാൾ 0.42 ശതമാനം വോട്ടിന് പിന്നിലാണ്. ഇത്ര നേർത്ത വ്യത്യാസമായതിനാൽ ജൂൺ നാലിലെ അന്തിമഫലത്തിൽ എന്തും സംഭവിക്കാം.
എക്സിറ്റ് പോളിൽ പങ്കെടുത്ത 40.96 ശതമാനം പേരും യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. 40.54 ശതമാനം എൽഡിഎഫിനൊപ്പം നിന്നു. 17.49 ശതമാനം വോട്ട് ബി.ജെ.പിക്ക് കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഫ് വോട്ടിൽ കനത്ത ഇടിവുണ്ടായി. 11.4 ശതമാനം. എൽഡിഎഫിന് 4.23 ശതമാനം വോട്ട് കൂടിയപ്പോൾ ഏറ്റവും നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 8.68 ശതമാനം വർധന.
2019ൽ ആലത്തൂരിൽ ഹാട്രിക് വിജയം തേടിയിറങ്ങിയ യുവ സിപിഎം നേതാവ് പി.കെ.ബിജുവിന് ഞെട്ടിപ്പിക്കുന്ന തോൽവി സമ്മാനിച്ചാണ് രമ്യ ഹരിദാസ് ലോക്സഭയിൽ അരങ്ങേറ്റം കുറിച്ചത്. രമ്യയ്ക്ക് ലഭിച്ച 1,58,968 വോട്ടിൻ്റെ ഭൂരിപക്ഷം സിപിഎമ്മിൻ്റെ ആത്മവിശ്വാസം കെടുത്തി. ആകെ വോട്ടിൻ്റെ 51.37 ശതമാനവും രമ്യ നേടി. സിപിഎമ്മിൻ്റെ വോട്ട് ഷെയർ 36.77 ശതമാനമായിരുന്നു. എൻഡിഎ സ്ഥാനാർഥി ടി.വി.ബാബുവിന് 8.81 ശതമാനം മാത്രം.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ രംഗത്തിറക്കി സിപിഎം മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമമാണ് നടത്തിയത്. പാലക്കാട് വിക്ടോറിയ കോളജിൽ എസ്.എഫ്.ഐയുമായി കൊമ്പുകോർത്ത മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ സരസുവാണ് ബിജെപി സ്ഥാനാർഥി.