ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് വീണ്ടും ലോക്സഭയിലേക്കെന്ന് മനോരമ ന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ നേരിയ കുറവുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യം ബിജെപി വോട്ട് വർധിപ്പിച്ചപ്പോൾ ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ് മൽസരിച്ചിട്ടും സി.പി.എമ്മിന് വോട്ട് കുറഞ്ഞു.
എക്സിറ്റ് പോളിൽ പങ്കെടുത്ത 37.48 ശതമാനം പേർ അടൂർ പ്രകാശിന് വോട്ട് ചെയ്തു. 30.94 ശതമാനം ആണ് വി.ജോയിക്ക് ലഭിച്ച വോട്ട്. വി.മുരളീധരൻ 28.73 ശതമാനം വോട്ടും നേടി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 6.54 ശതമാനം. എന്നാൽ എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു. 2.21 ശതമാനം.
എക്സിറ്റ് പോളിൽ വോട്ട് നഷ്ടം കൂടുതൽ എൽഡിഎഫിനാണ്. 3.12 ശതമാനം. യു.ഡി.എഫ് വോട്ടിൽ 0.39 ശതമാനം കുറവുണ്ടായപ്പോൾ ബിജെപി വോട്ട് 4.08 ശതമാനം വർധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37.87 ശതമാനമായിരുന്നു യു.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം. എൽഡിഎഫിന് 34.07 ശതമാനവും. ബിജെപി 24.66 ശതമാനം വോട്ട് നേടി.
2019ലെ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് അദ്യമായി പോരിനിറങ്ങിയ അടൂർ പ്രകാശ് 38,247 വോട്ടിനാണ് സിപിഎമ്മിലെ മുതിർന്ന നേതാവ് എ.സമ്പത്തിനെ തറപറ്റിച്ചത്. അടൂർ പ്രകാശ് 3,80,995 വോട്ടും സമ്പത്ത് 3,42,748 വോട്ടും ബി.ജെ.പിയിലെ ശോഭ സുരേന്ദ്രൻ 2,48,081 വോട്ടും നേടി.