മലപ്പുറത്ത് യു.ഡി.എഫിന് വോട്ട് കുറയുമെന്ന് മനോരമന്യൂസ് എക്സിറ്റ് പോൾ. എന്നാൽ ഇടതുമുന്നണിയേക്കാൾ 13 ശതമാനത്തോളം വോട്ടിന് മുന്നിലാണ് ഇപ്പോഴും യുഡിഎഫ്. മുതിർന്ന ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിനെ നേരിടാൻ യുവനേതാവ് വി.വസീഫിനെ രംഗത്തിറക്കിയ സിപിഎം നീക്കം എൽഡിഎഫിന്റെ വോട്ട് വിഹിതം ഉയർത്തി. ബിജെപി വോട്ട് കുറഞ്ഞതും ശ്രദ്ധേയമായി.
ഇ.ടി.മുഹമ്മദ് ബഷീർ 52.56 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. എക്സിറ്റ് പോളിൽ പങ്കെടുത്ത 39.69 ശതമാനം പേർ വസീഫിന് വോട്ട് ചെയ്തു. റ്റ് സർവകലാശാല മുൻ വിസിയായ ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിന് ലഭിച്ചത് 6.85 ശതമാനം മാത്രം. യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം 12.87 ശതമാനം.
പൊന്നാനിയിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീർ മണ്ഡലം മാറിവന്നപ്പോൾ മലപ്പുറത്ത് ലീഗിന്റെ വോട്ടിൽ 4.44 ശതമാനം ഇടിവുണ്ടായി. എൽഡിഎഫ് വോട്ടിൽ 7.89 ശതമാനമാണ് വർധന. ബിജെപി വോട്ട് 1.1 ശതമാനം കുറഞ്ഞു.
2019ൽ പി.കെ.കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറം നിലനിർത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടും സിപിഎമ്മിലെ വി.പി.സാനുവിന് 3,29,720 വോട്ടും ബി.ജെ.പിയിലെ ഉണ്ണിക്കൃഷ്ണന് 82,332 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19,106 വോട്ട് നേടിയ എസ്.ഡി.പി.ഐ ഇക്കുറി രംഗത്തില്ല.