മുസ്ലിം ലീഗിൻ്റെ കോട്ടയായ പൊന്നാനിയിൽ ഇടതുമുന്നണി വോട്ട് വർധിപ്പിക്കുന്നതായി മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. യു.ഡി.എഫ് വോട്ടിൽ നാലുശതമാനത്തിൻ്റെ ചോർച്ചയുണ്ടായപ്പോൾ എൽഡിഎഫ് 5.32 ശതമാനം വോട്ട് വർധിപ്പിച്ചു. എൻഡിഎ വോട്ടിലുമുണ്ട് 2.4 ശതമാനം വർധന.
ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി മലപ്പുറം എംപിയായിരുന്ന അബ്ദുസ്സമദ് സമദാനിയെയാണ് ലീഗ് പൊന്നാനിയിൽ രംഗത്തിറക്കിയത്. മുൻ ലീഗ് നേതാവ് കെ.എസ്.ഹംസയെ കളത്തിലിറക്കിയ സിപിഎം ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് എൽഡിഎഫ് വോട്ടിലെ വർധനയും ലീഗ് വോട്ടിലെ കുറവും വ്യക്തമാക്കുന്നത്. അഡ്വ. നിവേദിതയാണ് ബിജെപി സ്ഥാനാർഥി.
എക്സിറ്റ് പോളിൽ പങ്കെടുത്ത 47.3 ശതമാനം പേർ സമദാനിക്ക് വോട്ട് ചെയ്തു. 37.61 ശതമാനം പേരാണ് എൽഡിഎഫിനെ തുണച്ചത്. ബിജെപി വോട്ട് 12.91 ശതമാനമായി ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വോട്ട് വിഹിതം 51.29 ശതമാനവും എൽഡിഎഫിൻ്റേത് 32.29 ശതമാനവും ബിജെപിയുടേത് 10.87 ശതമാനവുമായിരുന്നു.
2019ൽ 1,93,273 വോട്ടിന്റെ മഹാ ഭൂരിപക്ഷത്തിനാണ് ഇ.ടി.മുഹമ്മദ് ബഷീർ എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവറെ പരാജയപ്പെടുത്തിയത്. ഇ.ടിയ്ക്ക് 5,21,824 വോട്ടും അൻവറിന് 3,28,551 വോട്ടും ബിജെപി സ്ഥാനാർഥി രമയ്ക്ക് 1,10,603 വോട്ടും ലഭിച്ചു.