സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലേക്ക് ഇന്ത്യ കടക്കുമ്പോള്‍ ഇത് വെറും ആഘോഷം മാത്രമാകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഇനിയും നൂറ് വര്‍ഷത്തേക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ട കരുത്തുള്ള പദ്ധതികളുണ്ടാവണമെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു. ശക്തമായ ഫെഡറല്‍ സംവിധാനം നാടിന് അനിവാര്യമാണ്. സാഹോദര്യവും സമത്വവും ഹൃദയത്തിലേറ്റിയ ജനങ്ങളാണ് ഈ നാടിന്റെ സമ്പത്ത് എന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ എല്ലാ ജനങ്ങളും ഒരേ മതവും സംസ്കാരവും മുന്നോട്ടുകൊണ്ടുപോകുന്നവരല്ല. നാനത്വത്തില്‍ ഏകത്വമെന്നതാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. സമത്വത്തെയും സാഹോദര്യത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാം അകറ്റി നിര്‍ത്തണം’– എന്നും അദ്ദേഹം പറഞ്ഞു. ‘പാര്‍ലമെന്റില്‍ പോലും സംസാരിക്കാന്‍ വിലക്കാണ്. 27 എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ പാരലല്‍ ഗവണ്‍മെന്റ് പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതാണ് ഇന്ത്യയുടെ കരുത്ത്. ജനാധിപത്യമാണ് രാജ്യത്തെ ഏറ്റവും മികച്ച ഭരണരീതി. നമ്മള്‍ അത് സംരക്ഷിക്കണം’– സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഏക മതം, ഏക ഭാഷ എന്ന് ചിന്തിക്കുന്നവർ രാജ്യത്തിന്‍റെ ഒരുമ തകർക്കുമെന്നും എം.കെ.സ്റ്റാലിൻ. പലമതങ്ങൾ ഭാഷകൾ എന്നിവ അംഗീകരിക്കപ്പെടണം. അന്യഭാഷാമൊഴികളുടെ കടന്നു വരവിനെ തമിഴ്നാട് എങ്ങനെ മറികടന്നുവെന്ന് ശിഖാബുദ്ദീന്‍ പൊയ്ത്തുകടവിന്റെ ലേഖനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇത് എല്ലാ മലയാളികളും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കോവിഡ് ബാധിച്ചതിനാല്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ന്റെ വേദിയായ തൃശ്ശൂരേക്ക് വരാന്‍ കഴിഞ്ഞില്ല. ഇതില്‍ വിഷമമുണ്ട്. കണ്ണൂരില്‍ സിപിഎം കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍ മലയാളികള്‍ നല്‍കിയ ‘റെഡ് സല്ല്യൂട്ട്’ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.