എല്ലാ രംഗത്തും സ്ത്രീകളുടെ സുരക്ഷയ്ക്ക് വെല്ലുവിളികൾ ഉണ്ടെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ജീവിതപങ്കാളിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവിലാണ് ശാരദ മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. മാറ്റത്തിനായി ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്ന് ശക്തമായ ശ്രമം വരുമ്പോൾ അതിന് തടയിട്ട് നിൽക്കുന്നവർ രാഷ്ട്രീയനേതൃത്വമാണെന്നാണ് വി.വേണുവിന്‍റെ നിലപാട്.
നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുമ്പോൾ പകരം സ്ഥാനമേൽക്കുന്നത് ജീവിത പങ്കാളി. ഈ അപൂർവതയിലെ താരങ്ങളായ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും, ശാരദ മുരളിധരനും മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിച്ചത് മാറ്റങ്ങളെ കുറിച്ചാണ്. സംവിധാനങ്ങളിൽ മാറ്റം വരില്ല എന്നത് തെറ്റായ ധാരണയെന്ന് ഡോ.വി.വേണു പറയുമ്പോൾ, മാറ്റം വരണമെങ്കിൽ ഭരണ നേതൃത്വം നമ്മുടെ കൂടെ മാത്രമല്ല നമ്മൾ ഭരണനേതൃത്വത്തിന്റെയും കൂടെ നിൽക്കാറുണ്ടോ എന്ന് ചോദിക്കണമെന്ന് ശാരദ മുരളീധരൻ
മാലിന്യ നിർമാജർനത്തിൽ സംസ്‌ഥാനം പുറകിൽ നിൽക്കുന്നതിന് വലിയൊരു ഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വത്തിനാണെന്ന് വി.വേണു പറഞ്ഞു. എന്നാൽ പ്രാഥമിക ഉത്തരവാദിത്വം പൊതുജനത്തിന് ആണെന്നാണ് ശാരദ മുരളീധരന്റെ പക്ഷം. സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും സ്ത്രീയുടെ സുരക്ഷിതത്വം മനുഷ്യൻ്റെ സുരക്ഷിതത്വമെന്നും ശാരദ മുരളീധരൻ.
ആശയങ്ങൾ സംസാരിക്കുമ്പോൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നും, എന്നാൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ കീരിയും പാമ്പും ആണെന്നാണ് ശാരദ മുരളീധരൻ തമാശ രൂപേണ പറഞ്ഞു നിർത്തിയത്.