തൃശൂരില്‍ പൊരിഞ്ഞ പോരാട്ടത്തിലും യുഡിഎഫിന് പ്രതീക്ഷ. കെ.മുരളീധരന് 5.92 ശതമാനം വോട്ടിന് സുരേഷ് ഗോപിയെക്കാള്‍ മുന്നിലെത്തുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ പ്രീ–പോള്‍ സര്‍വേ. കടുകടുത്ത പോരാട്ടമാണ് രണ്ടാംസ്ഥാനത്ത്. കെ.മുരളീധരന് 36.51 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ സുരേഷ് ഗോപി 30.59 ശതമാനവും സിപിഐയിലെ വി.എസ്.സുനില്‍കുമാര്‍ 30.53 ശതമാനവും വോട്ട് നേടുമെന്ന് സര്‍വേ ഫലം പറയുന്നു. ഇത്ര കടുത്ത പോരാട്ടം അന്തിമഫലത്തെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
യുഡിഎഫ് വോട്ടില്‍ 2019നെ അപേക്ഷിച്ച് 3.32 ശതമാനവും എല്‍ഡിഎഫ് വോട്ടില്‍ 0.31 ശതമാനവും കുറവ് പ്രതീക്ഷിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 2.4 ശതമാനം വോട്ട് വര്‍ധിക്കുമെന്നാണ് അനുമാനം. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം തന്നെയാണ് ഇതിനുപിന്നില്‍. മറ്റുകക്ഷികള്‍ക്ക് 1.23 ശതമാനം വോട്ട് വര്‍ധിക്കുന്നതും പ്രധാനമാണ്.
‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന ഭീഷണിയുമായി സുരേഷ് ഗോപി നിറഞ്ഞാടിയ 2019ല്‍ യുഡിഎഫ് ആശങ്കപ്പെട്ടെങ്കിലും ടി.എന്‍.പ്രതാപന്‍ മികച്ച ഭൂരിപക്ഷത്തോടെ തൃശൂര്‍ അങ്ങെടുക്കുകയായിരുന്നു. 93,633 വോട്ടിന്റെ മാര്‍ജിനില്‍ സിപിഐയിലെ രാജാജി മാത്യു തോമസിനെയാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ പ്രതാപന്‍ തോല്‍പ്പിച്ചത്. സുരേഷ് ഗോപി 2,93,822 വോട്ടോടെ മൂന്നാംസ്ഥാനത്തായി. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 2.66 ശതമാനം മാത്രമായിരുന്നു.
2019 തിരഞ്ഞെടുപ്പ് ഫലം
ടി.എന്‍.പ്രതാപന്‍ കോണ്‍ഗ്രസ് 4,15,089 39.83%
രാജാജി മാത്യു തോമസ് സിപിഐ 3,21,456 30.85%
സുരേഷ് ഗോപി ബിജെപി 2,93,822 28.19%
Tough fight in Thrissur, says Manorama News-VMR Pre-poll Survey.