2024 ഏപ്രിലില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തില്‍ ചേരാന്‍ തൃശൂരില്‍ നിന്ന് യാത്ര തിരിച്ച രണ്ടു പേരുടെ ജീവന്‍ പൊലിഞ്ഞു. മലയാളികളായ ഏജന്‍റുമാരാണ് റഷ്യയിലെ പട്ടാള ജോലി വാഗ്ദാനം ചെയ്തത്. റഷ്യന്‍ പൗരത്വമുള്ള സന്ദീപ്, തൃശൂരുകാരനായ സിബി, സ്റ്റീവ് തുടങ്ങിയവരുടെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് ജെയിനും ബിനിലും പോയത്.
പ്രതിമാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു കൊണ്ടുപോയത്. ആദ്യം, ശമ്പളം കിട്ടി. പിന്നെ, യുദ്ധം തുടങ്ങിയ ശേഷം ശമ്പളം കിട്ടിയിട്ടില്ല. ഏജന്‍റുമാരെ പിടികൂടി ചോദ്യംചെയ്യാന്‍ ദേശീയ ഏജന്‍സികള്‍ തയാറാകണമെന്ന് ബിനിലിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന്‍റെ ആദ്യപടിയായി പൊലീസിന് പരാതി നല്‍കി.
ഗുരുതരമായി പരുക്കേറ്റ ജെയിനിനേയും ബിനിലിന്‍റെ മൃതദേഹവും എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി കെ.രാജന്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കുറാഞ്ചേരി സ്വദേശിയായ ജെയിന്‍ റഷ്യയിലെ മോസ്കോയില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. ബിനിലിന്‍റെ മരണം ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി സന്ദീപ് റഷ്യന്‍ കൂലിപ്പട്ടാളത്തിനായി ജോലി ചെയ്യുമ്പോള്‍ വെടിയേറ്റ് മരിച്ചിരുന്നു.