remya-haridas-12

 

alathur-vote-12

കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ആലത്തൂരില്‍ യുഡിഎഫിന് വോട്ടുചോര്‍ച്ച പ്രവചിച്ച് മനോരമന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ. 7.43 ശതമാനം വോട്ടിന്റെ കനത്ത ഇടിവാണ് യുഡിഎഫിന് നേരിടേണ്ടിവരിക. എല്‍ഡിഎഫ് വോട്ട് 2.29 ശതമാനം ഉയരും. എന്നാല്‍ ഇതിന്റെ ഗുണം അവര്‍ക്ക് കിട്ടാനിടയില്ല. എന്‍ഡിഎയുടെ വോട്ട് വന്‍തോതില്‍ വര്‍ധിക്കുന്നതാണ് കാരണം. 6.22 ശതമാനമാണ് ബിജെപി വോട്ടിലെ വര്‍ധന. ഇത് യുഡിഎഫിന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. 44.93 ശതമാനമാണ് യുഡിഎഫിന് പ്രവചിക്കുന്ന വോട്ട് വിഹിതം. എല്‍ഡിഎഫിന് 39.06 ശതമാനവും. 15.03 ശതമാനം പേര്‍ എന്‍ഡിഎയ്ക്കൊപ്പമാണ്.

 

യുഡിഎഫിന്റെ സിറ്റിങ് എംപി രമ്യ ഹരിദാസിനെ നേരിടാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാനമന്ത്രിയുമായ കെ.രാധാകൃഷ്ണനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. രാധാകൃഷ്ണന്റെ വരവ് ശക്തമായ മല്‍സരത്തിന് കളമൊരുക്കി. പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍.സരസുവാണ് ബിജെപി സ്ഥാനാര്‍ഥി. ഇടതുമുന്നണിക്ക് മേധാവിത്വമുണ്ടായിരുന്ന ആലത്തൂരിൽ 2019ൽ യൂത്ത് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഹാട്രിക് വിജയം തേടിയിറങ്ങിയ സിറ്റിങ് എംപി പി.കെ.ബിജു തോറ്റത് 1,58,968 വോട്ടിന്. ഈ തോല്‍വിയുടെ ആഘാതം മറികടക്കാന്‍ സിപിഎം ഏറെക്കാലമെടുത്തു.

 

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

 

UDF has the upperhand in Alathur constituency in 2024 Loksabha elections, says manorama news-vmr pre-poll survey