കൊടിയത്തൂര്‍ ലക്ഷം വീട് കോളനിയിലെ ഈ വീടിന്‍റെ സ്ഥിതിയായിരുന്നു എല്ലാ വീടുകള്‍ക്കും. തേക്കാത്ത ചുമര്, പൊട്ടിയ ഓടുകള്‍, പേരിന് മാത്രം ഉണ്ടാക്കിയ ശുചിമുറികള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോഴാ സ്ഥിതിയൊക്കെ മാറി. പഴയ വീടുകള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിച്ചു. നിലത്ത് ടൈലുകള്‍ പാകി ഭംഗിയാക്കി. എല്ലാ വീടുകള‍്‍ക്കും ശുചിമുറികള്‍ ഉറപ്പാക്കി. പഞ്ചായത്ത് നീക്കിവച്ച തുക മതിയാകാതെ വന്നപ്പോള്‍ പ്രവാസികളില്‍ നിന്നും പ്രമുഖ വ്യവസായികളില്‍ നിന്നും സഹായംതേടി. പണത്തിന് പകരം സിമന്‍റും കമ്പിയുമടക്കമുള്ള നിര്‍മാണ സാമഗ്രഹികള്‍ ഓരോത്തുരായി സംഭാവന ചെയ്തതോടെ പദ്ധതി വന്‍ ഹിറ്റ് ആയി. 

 

ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാലും എത്തിപിടിക്കാന്‍ കഴിയാത്ത വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷം കോളനിവാസികളുടെ മുഖത്തും കാണാം. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. വീടുകളുടെ നിര്‍മാണം പൂര്ത്തിയായാല്‍ ചുറ്റുമതില്‍ കെട്ടി ഗെയ്റ്റ് വയ്ക്കും. ലക്ഷംവീട് കോളനി എന്ന പേരിന് പകരം റോസ് വില്ല എന്ന് നാമകരണം ചെയ്യും. പദ്ധതി വിജയം കണ്ടതോടെ അയല്‍ പഞ്ചായത്തുകളും കോളനി നവീകരണ പദ്ധതിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്.