വ്യത്യസ്ത ആശയങ്ങളുമായി നാല് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കൊല്ലത്തെ മനോരമ ന്യൂസ് നാട്ടുസൂത്രം പുരസ്കാര ജേതാക്കളായി. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിയില്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും നാട്ടുസൂത്രം ഫലകവും സമ്മാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി വി വേണു അധ്യക്ഷനായ ജൂറിയാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തത്.
ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി ഫ്ലവര്‍ സിറ്റി ആശയം വിജയകരമായി നടപ്പാക്കിയ ബത്തേരി നഗരസഭ, ആറും തോടും അരുവിയും സംരക്ഷിച്ചുള്ള സമഗ്ര ജലസംരക്ഷണ പദ്ധതി മുന്നോട്ടുവച്ച തിരുവനന്തപുരം പുല്ലമ്പാറ പഞ്ചായത്ത്, സര്‍ക്കാര്‍ ഓഫിസുകള്‍ പൊതുജനസൗഹൃദമാക്കാന്‍ മലപ്പുറം നഗരസഭ ആവിഷ്ക്കരിച്ച മധുവൂറും മലപ്പുറം പദ്ധതി, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളെ സ്മാര്‍ട്ടാക്കിയ ആലപ്പുഴ പുന്നപ്ര പഞ്ചായത്തിന്‍റെ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി. മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ 2വില്‍ ജൂറി തിരഞ്ഞെടുത്തത് ഈ തദ്ദേശ സ്ഥാപനങ്ങളെ.
പ്രേക്ഷക പിന്തുണയോടെ കണ്ടെത്തിയ ആശയങ്ങളില്‍ നിന്ന് 15 എണ്ണമാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നത്. അതില്‍ നിന്നാണ് നാലെണ്ണം പുരസ്കാര നേട്ടത്തിലെത്തിയത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം കൈകോര്‍ത്തു. മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മനോരമ ന്യൂസ് അവസരമൊരുക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍ക്ക് ഇരുപത്തിയയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നല്‍കി. ഒരു മാസത്തിലധികം നീണ്ട നാട്ടൂസൂത്രം പരിസമാപ്തിയാകുന്നത് തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ്.