റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. സുരക്ഷയില്‍ വന്‍വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്‍ റെയില്‍വെ സഹമന്ത്രി കൂടിയായ ലോക്സഭ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ബാലസോറിലെത്തിയിരുന്നു. ജാഗ്രതക്കുറവാണ് വന്‍ദുരന്തത്തിന് ഇടയാക്കിയതെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ഐടി, ഇലക്ട്രോണിക്സ്, റെയില്‍വെ തുടങ്ങി ഒന്നിലേറെ സുപ്രധാന വകുപ്പുകളുടെ ചുമതല ഒരു മന്ത്രി തന്നെ വഹിക്കുന്നതിനെതിരെ കപില്‍ സിബലും രംഗത്തെത്തി. അപകടത്തിന് ശേഷം നടപടിയുണ്ടായതുകൊണ്ട് കാര്യമില്ലെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജി വയ്ക്കണമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജി ആവശ്യത്തില്‍ പ്രതികരിക്കാന്‍ റെയില്‍വേ മന്ത്രി തയ്യാറായില്ല. ബാലസോര്‍ മുന്‍ ജില്ലാ കലക്ടര്‍ കൂടിയായ അശ്വിനി വൈഷണവ് ഇന്നും സംഭവസ്ഥലത്ത് സജീവമായുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാളവും മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പരുക്കേറ്റവരെയും മന്ത്രി സന്ദര്‍ശിച്ചു.
Opposition demands railway minister's resignation