ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കുറ്റക്കാരായവര്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടസ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയും സന്ദര്‍ശിച്ചശേഷമാണ് മോദിയുടെ പ്രതികരണം. ശരിയായ അന്വേഷണം ഉറപ്പാക്കും. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ല. അപകടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരകളായവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അപകടസ്ഥലം സന്ദര്‍ശിക്കുന്നതിടെ കാബിനറ്റ് സെക്രട്ടറിയോടും കേന്ദ്ര ആരോഗ്യമന്ത്രിയോടും മോദി നേരിട്ട് ആവശ്യപ്പെട്ടു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബാലസോറിലെത്തിയ മോദിക്ക് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് അപകടത്തിന്‍റെയും രക്ഷാദൗത്യത്തിന്‍റെയും വിവരങ്ങള്‍ വിശദീകരിച്ചു നല്‍കി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒപ്പമുണ്ടായിരുന്നു. എന്‍ഡിആര്‍എഫ് സംഘാംഗങ്ങളുമായി മോദി സംസാരിച്ചു. പിന്നീടാണ് ആശുപത്രിയില്‍ എത്തിയത്.        

 

Prime Minister Narendra Modi today visited the train accident site