മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ 13 ട്രെയിന്‍ യാത്രക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടത് ചായവില്‍പനക്കാരന്റെ വാക്കുകേട്ടെന്ന് ദൃക്സാക്ഷി. ട്രെയിനിനു തീപിടിച്ചെന്ന് വിളിച്ചുപറയുന്നത് കേട്ടാണ് ഇവരെല്ലാം രക്ഷയ്ക്കായി പുറത്തേക്ക് എടുത്തുചാടിയത്. ട്രെയിനിനു തീപിടിച്ചെന്നും പെട്ടെന്ന് ചങ്ങലവലിച്ചോ എന്നും ചായവില്‍പനക്കാരന്‍ വിളിച്ചു പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെയാണ് ലഖ്നൗ–മുംബൈ പുഷ്പക് എക്സ്പ്രസില്‍ നിന്നും യാത്രക്കാര്‍ ചാടിയത്.
‘ഹോട്ട് ആക്‌സിൽ’ അല്ലെങ്കിൽ 'ബ്രേക്ക്-ബൈൻഡിങ്' (ജാമിങ്) കാരണം പുഷ്പക് എക്‌സ്‌പ്രസിന്‍റെ ഒരു കോച്ചിനുള്ളിൽ തീപ്പൊരി ഉണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയായിരുന്നു. ഇതോടെ ചിലര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് വിളിച്ചുപറഞ്ഞു. ഇതോടെ യാത്രക്കാർ രക്ഷപ്പെടാനായി തൊട്ടടുത്ത ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് ഇതേ ട്രാക്കിലുടെ കടന്നു പോവുകയായിരുന്ന ബെംഗളൂരു- ഡൽഹി കർണാടക എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.
മൃതദേഹങ്ങള്‍ പലതും ഛിന്നഭിന്നമായതായും സെന്‍ട്രല്‍ റെയില്‍വേ പറയുന്നു. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ, പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിലാണ് അപകടം സംഭവിച്ചത് . അതേസമയം ട്രെയിന്‍ വേഗത കുറഞ്ഞതോടെ നൂറോളം ആളുകള്‍ എതിര്‍വശത്തേക്കും ചാടിയെന്നും അവിടെ ട്രാക്കില്ലാത്തതുകൊണ്ടാണ് അപകടം സംഭവിക്കാതിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. മരിച്ച 13 പേരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ശരീരഭാഗങ്ങള്‍ ഛിന്നിച്ചിതറിയതിനാല്‍ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അപകട സ്ഥലത്തു നിന്നുള്ള ദാരുണമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ട്രാക്കുകളിൽ മൃതദേഹങ്ങൾ കിടക്കുന്നതും രക്തം ചിന്തുന്ന ശരീരവുമായി ആളുകള്‍ രക്ഷക്കായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.