jaikwb

 

പുതുപ്പള്ളിയില്‍ പ്രചാരണം പൊടിപൊടിക്കുന്നു. സ്ഥാനാര്‍ഥികള്‍ നടന്നും നിന്നും വീടുകയറിയുമെല്ലാം വോട്ടുതേടുന്നു. അതിനിടെ മണ്ഡലത്തിലെ ഒരു ഹോട്ടലില്‍ കയറിയ വോട്ടുചോദിച്ച ഇടതുസ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനോട് ഒരു വോട്ടര്‍ വാചാലനായി. ‘എന്റെ പേര് നിങ്ങള്‍ക്ക് അറിയാന്‍മേലെങ്കിലും എനിക്ക് നിങ്ങളുടെ പേര് അറിയാം’ എന്നുപറഞ്ഞായിരുന്നു തുടക്കം.‘നിങ്ങളോട് എനിക്ക് അല്‍പം താല്‍പര്യമുണ്ട്, കാരണം രണ്ടുതവണ മല്‍സരിച്ചപ്പോഴും ഉമ്മന്‍ചാണ്ടി സാറിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്’. അത് നിങ്ങളുടെയൊക്കെ സഹകരണം കൊണ്ടാണല്ലോ എന്ന് ജെയ്ക്കിന്റെ മറുപടി.

hotel02

 

hotel05

 

അപ്പോള്‍ വോട്ടറുടെ അടുത്ത ചോദ്യം. ‘ഉമ്മന്‍ചാണ്ടി സാറിന്റെ ഒരു പ്രത്യേകത അറിയാമോ?’ ചേട്ടന്‍ വിടാന്‍ ഭാവമില്ലെന്ന് തോന്നിയതുകൊണ്ടാകണം സ്ഥാനാര്‍ഥി കൈ ചുമരില്‍ താങ്ങി കേള്‍ക്കാന്‍ തയാറെടുത്ത് നിന്നു. ‘ഉമ്മന്‍ചാണ്ടി സാറിന് വലിയ ജനപിന്തുണ കിട്ടിയ കാരണങ്ങളില്‍ ഒന്ന് ആഴ്ചയില്‍ ഒരിക്കല്‍ അദ്ദേഹം ‘പ്രജ’കളെ കാണുമായിരുന്നു. ‘പ്രജകളല്ല, നാട്ടുകാര്‍’ എന്ന് ജെയ്ക്കിന്റെ തിരുത്ത്. കേള്‍ക്കാത്ത ഭാവത്തില്‍ ചേട്ടന്‍ തുടര്‍ന്നു. ‘അദ്ദേഹത്തെ കാണാന്‍ ആരുടെയെങ്കിലും കത്തോ ഫോണ്‍ കോളോ കൂട്ടമോ വേണ്ട’. അതാണ് ഉമ്മന്‍ചാണ്ടിയോട് താല്‍പര്യം തോന്നാന്‍ കാരണമെന്നും വോട്ടര്‍ പറഞ്ഞു.

 

എന്റെ അടുത്തുവരാന്‍ ആരുടെയെങ്കിലും കത്ത് വേണമെന്ന് തോന്നിയോ എന്ന് ജെയ്ക്കിന്റെ മറുചോദ്യം. ഇടയ്ക്ക് അങ്ങനെ തോന്നിയിരുന്നുവെന്ന് വോട്ടറുടെ മറുപടി. ഒപ്പം, ഈ മുഖം കൂടി ഒന്ന് ഓര്‍ക്കണം എന്നൊരാവശ്യവും. ‘എന്നോട് പിണക്കമൊന്നും തോന്നരുത്. ഉമ്മന്‍ചാണ്ടി സാര്‍ ആഴ്ചയില്‍ ഒരിക്കല്‍ വോട്ടര്‍മാരെ കണ്ടതുപോലെ നിങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും കാണണം’. ചേട്ടന്‍ പറഞ്ഞുനിര്‍ത്തി. വോട്ട് തന്നും വോട്ട് ചോദിച്ചും സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥിയുടെ മടക്കം.

Voter teaches LD candidate Jaick C Thomas on how to increase popularity among voters in Puthuppally