സതിയമ്മക്ക് എതിരെ എടുത്ത നടപടി പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് എന്ന് ഭര്‍ത്താവ് രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി തനിക്കും കുടുംബത്തിനും വേണ്ടി ചെയ്തു തന്ന സഹായങ്ങള്‍ പറയുക മാത്രമാണ് സതിയമ്മ ചെയ്തത്. വേറൊരു തെറ്റും ചെയ്യാത്ത സതിയമ്മയ്ക്കു നഷ്ടമായത് പതിമൂന്നു വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ ജോലിയാണ്. ജീവിതമാര്‍ഗമാണ് ഈ നടപടിയിലൂടെ നിന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ചാണ്ടി സാര്‍ ചെയ്ത സഹായത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്ന ഒറ്റ കാരണത്താലാണ് പതിമൂന്നു വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടത്. പിരിച്ചു വിടുന്നതിന് പിന്നിലെ കാരണം പോലും പറയാതെയാണ് ഈ നടപടി.  ഇതിലൂടെ നഷ്ടമായത് ജോലി മാത്രമല്ല, വരുമാന മാര്‍ഗം കൂടിയാണ്. ഒരു കുടുംബമാണ്.  ചെറുപ്പകാലം മുതല്‍ അറിയാവുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ജോലി പോയി എന്ന കാരണത്താല്‍ അദ്ദേഹം ചെയ്ത സഹായങ്ങള്‍ മറക്കാനോ അദ്ദേഹത്തെ തള്ളി പറയാനോ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മന്‍ചാണ്ടിയെ കുറിച്ച് ചോദിച്ചു. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തെന്നും മകളുടെ വിവാഹത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്ത കാര്യങ്ങളും സതിയമ്മ വിശദീകരിച്ചു. 

ഉമ്മന്‍ചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് കയറേണ്ട എന്ന് അറിയിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ മേലുദ്യോഗസ്ഥര്‍ക്ക് സമര്‍ദ്ദമുണ്ടായിരുന്നതായും സതിയമ്മ പറയുന്നു.

Husband Radhakrishnan said that the action taken against the satiamma is an unexpected backlash