ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒരുമിച്ച് കേക്ക് മുറിച്ച് ഒരു ക്രിസ്മസ് ആഘോഷം. തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരിയിൽ നടന്ന ' പീസ് കാർണിവൽ ' സൗഹൃദ സമ്മേളനത്തിലായിരുന്നു ഈ അപൂർവ കാഴ്ച. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ' ആക്ട്‌സിന്റെയും  ശാന്തിഗിരി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

രണ്ട് രാഷ്ട്രീയ ധ്രുവങ്ങളിൽ ആയിരുന്നെങ്കിലും രാഷ്ട്രീയ എതിരാളികളുമായി  വ്യക്തി ബന്ധവും പരസ്പര ബഹുമാനവും സൂക്ഷിച്ചിരുന്ന നേതാക്കളായിരുന്നു ഉമ്മൻചാണ്ടിയും കോടിയേരി ബാലകൃഷ്ണനും.മലയാളി രാഷ്ട്രീയം മറന്ന് സ്നേഹിച്ച ആ രണ്ടു മഹാ നേതാക്കളുടെ ജീവിത പങ്കാളികൾ ഒരുമിച്ച് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കുമ്പോൾ അത് ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ എല്ലാ വേർത്തിരിവുകൾക്കും അപ്പുറം ഒരുമയുടെ ക്രിസ്മസ് സന്ദേശമായി മാറി. 

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും സംയുതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച ' പീസ് കാർണിവൽ സൗഹൃദ സമ്മേളനത്തിൽ ആയിരുന്നു ഈ ഈ അപൂർവ്വ സംഗമം.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി അധ്യക്ഷനായി ക്രിസ്‌തുമസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്‌തു. ആക്‌ട്‌സ് പ്രസിഡൻ്റ് ബിഷപ്പ് ഉമ്മൻ ജോർജ്, പാളയം ഇമാം ഡോ വി.പി ഷുഹൈബ് മൗലവി, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്‌റ്റ്യൻ, ബിലീവേഴ്‌സ്‌ ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് തുടങ്ങിയവർ സംസാരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ  കരോൾ ഗാനങ്ങൾ ചടങ്ങിന് മിഴിവ് പകർന്നു.

ENGLISH SUMMARY:

Mariamma Oommen and Vinodini Balakrishnan cut the cake together and celebrate christmas; 'Peace Carnival' becomes the venue for the rare meeting