പുതുപ്പള്ളിയിൽ പോളിങ് ശതമാനത്തിൽ  കുറവ്. ഏറ്റവും ഒടുവിൽ വന്ന കണക്ക് പ്രകാരം 72.91 ആണ് പോളിങ്.  പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും തിരിച്ചടി അല്ല എന്ന നിലപാടിലാണ് യുഡിഎഫ്.  എന്നാൽ ശതമാനം കുറഞ്ഞത് എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തി. ചില ബൂത്തുകളില്‍ വോട്ടിങ് വൈകിയത് അസാധാരണമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോട്ടയം ജില്ലാകലക്ടര്‍ വി.വിഘ്നേശ്വരിയോട് ഇക്കാര്യം നേരിട്ട് പരാതിപ്പെടുകയും ചെയ്തു. രണ്ട് സ്ഥാനാര്‍ഥികളില്‍ നിന്നും പരാതി കിട്ടിയെന്നും പോളിങ് വേഗത്തിലാക്കാന്‍ ആ സമയം തന്നെ ഉചിത നടപടി സ്വീകരിച്ചതാണെന്നും കലക്ടര്‍ വിശദീകരിച്ചു. പോളിങ് മന്ദഗതിയിൽ ആയെന്നത് വാസ്തവമാണെങ്കിലും അത് മനഃപൂർവം ആണെന്ന് കരുതുന്നില്ലെന്നാണ് ജെയ്ക് സി.തോമസിന്‍റെ നിലപാട്. പോളിങ് ശതമാനത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനെ വിലയിരുത്താൻ കഴിയില്ലെന്നും ജെയ്ക് പറഞ്ഞു.