പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകളില്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 2629 തപാല്‍വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പത്തുമിനിറ്റോളം വൈകിയാണ് പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 72.86 ശതമാനം വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത്.
രണ്ടാം റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും.കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക. . ആകെ 20 ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും അഞ്ചെണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണും ശേഷിക്കുന്ന ഒന്നില്‍ ഇടിബിപിഎസ് വോട്ടുകളുമാണ് എണ്ണുക.
അവസാനവട്ട കണക്കുകൂട്ടലുകളും കഴിഞ്ഞ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും. പോളിങ്ങില്‍ ഉണ്ടായ കുറവാണ് ഇടതു വലതു മുന്നണികളിലെ പ്രധാന ചർച്ചാവിഷയം. ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Chandy Oommen leads in postal votes