chandy-oommen

പാലക്കാട് ഉപതിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

 

തന്റെ ജ്യേഷ്ഠ സഹോദരനായ ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും അദ്ദേഹം പാലക്കാട്ടെ പ്രചരണത്തില്‍ സജീവമായിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതികരിച്ചു. പാലക്കാട് യു.ഡി.എഫ് മിന്നും ജയം നേടി സീറ്റ് നിലനിര്‍ത്തിയെങ്കിലും ഭിന്നതയൊഴിയാത്ത സ്ഥിതിയാണ്. മറ്റുള്ളവര്‍ക്ക് ചുമതല നല്‍കിയപ്പോള്‍ പ്രചാരണത്തില്‍ തന്നെ അവഗണിച്ചെന്നാണ് ചാണ്ടിയുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണസമയത്തും ജയത്തിന് ശേഷവും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. മറ്റ് തിരക്കുകളുടെ ഭാഗമെന്ന് നേതാക്കള്‍ പറഞ്ഞൊഴിയുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ പരസ്യവിമര്‍ശനം. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസില്‍ ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുളപൊട്ടുന്ന നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.

കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച പോലും ചെയ്യേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെ.സുധാകരന്‍റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിലടക്കം വിജയിച്ചത് . പ്രത്യേക സമുദായത്തില്‍പ്പെട്ട ആള്‍ നേതൃസ്ഥാനത്തേയ്ക്ക് വരണമെന്ന് താന്‍ പറയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Chandy Oommen expresses dissatisfaction regarding Palakkad by-election