പുതുപ്പള്ളിയിൽ പുതുപ്പുള്ളിയായി ചാണ്ടി ഉമ്മൻ. മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിനെ തകർത്ത് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ടിക്കറ്റെടുത്തത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ മുൻതൂക്കം നേടി.
സ്വപ്നതുല്യ ഭൂരിപക്ഷം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം പാളിയില്ല. പോസ്റ്റൽ ബാലറ്റുകളുടെ തുടക്കം മുതൽ ജെയ്ക്.സി.തോമസിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചാണ്ടി ഉമ്മന്റെ അതിവേഗ കുതിപ്പ്. ഒന്നും രണ്ടും റൗണ്ടുകൾ അടങ്ങിയ അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ തന്നെ പുതുപ്പുള്ളിയാരെന്ന് വ്യക്തമായിരുന്നു. നാലാം റൗണ്ടിന്റെ തുടക്കത്തിൽ കഴിഞ്ഞ തവണ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
ഓരോ റൗണ്ടിലും മികച്ച ലീഡുമായി ചാണ്ടി ഉമ്മൻ കുതിച്ചപ്പോൾ മണ്ഡലത്തിലെ റെക്കോർഡുകൾ ഓരോന്നോരോന്നായി തകർന്നു വീണു. പത്താം റൗണ്ടിൽ തന്നെ 2016 ൽ ജെയ്കിനെതിരെ ഉമ്മൻചാണ്ടി നേടിയ 27,092 വോട്ടിന്റെ ഭൂരിപക്ഷവും കടന്നു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255 ചാണ്ടി മറികടന്നതോടെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തും, മണ്ഡലത്തിലും ആഹ്ലാദം കൊടുമുടിയേറി.ഒടുവിൽ ചാണ്ടി ഉമ്മന്റെ വിജയവാർത്തയെത്തിയതോടെ പ്രവർത്തകർ തെരുവുകൾ കയ്യടക്കി.
ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നു അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കി. യാത്രയയപ്പിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയതെന്ന് അച്ചു പറഞ്ഞു.
അതേസമയം, പുതുപ്പളളിയില്‍ യുഡിഎഫിന്റെ മിന്നുന്ന കുതിപ്പില്‍ ബിജെപിയെ പഴിചാരുകയാണ് എല്‍.ഡി.എഫ്. ബി.ജെ.പി വോട്ട് എങ്ങോട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിച്ചു. ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടിയില്ല. ഇടതു വോട്ടില്‍ വിള്ളല്‍ ഇല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
Puthuppally bypoll: UDF historic win
Puthuppally bypoll: UDF historic win