അപ്പയുടെ 13–ാം വിജയമാണിതെന്ന് പുതുപ്പള്ളിയുടെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പിതാവിനെ പോലെ താനും പുതുപ്പള്ളിയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആരോപണങ്ങളെല്ലാം പുതുപ്പള്ളി തള്ളിക്കളഞ്ഞുവെന്നും ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തുകയില്ല. വികസനത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. 53 വര്‍ഷക്കാലം വികസനവും കരുതലുമായി അപ്പയുണ്ടായിരുന്നു. ഇനി ആ തുടര്‍ച്ചയായി താനും ഉണ്ടാകും. തിരഞ്ഞെടുപ്പ് ഇതോടെ അവസാനിച്ചുവെന്നും വോട്ടു ചെയ്തവരും വോട്ട് ചെയ്യാത്തവരും ജനപ്രതിനിധിയായ തന്നെ സംബന്ധിച്ച് സമന്‍മാരാണെന്നും പുതുപ്പള്ളിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ഒരുമിച്ച് നിന്ന് പങ്കാളികളായി പ്രവര്‍ത്തിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതിന് പാര്‍ട്ടിയോ ജാതിയോ മതമോ പ്രശ്നമല്ലെന്നും ഒന്നിച്ച് മുന്നോട്ട് നീങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
53 വര്‍ഷം ഉമ്മന്‍ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അഭിമാന ജയമാണ് മകന്‍ ചാണ്ടി ഉമ്മന്‍ നേടിയത്. 37719 വോട്ടുകൾക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 80144 വോട്ടും ജെയ്ക് സി. തോമസ് 42425 വോട്ടും ലിജിന്‍ ലാല്‍ 6558 വോട്ടും നേടി. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ജനവിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതാണെന്നും സര്‍ക്കാരിന്റെ ആണിക്കല്ലിളക്കിയെന്നും രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു.
'This is my father's 13th win' , says Chandy Oommen after victory