പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണ് ഈ വിജയം. പുതുപ്പള്ളിയിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ എവിടെയെന്നും സതീശന്‍ പരിഹസിച്ചു. മലക്കം മറിയല്‍ വിദഗ്ധനാണ് ഗോവിന്ദനെന്നും പിണറായി വിജയന്‍റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധഃപതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഉത്തമരായ കമ്യൂണിസ്റ്റുകളുടെ വോട്ട് യുഡിഎഫിന് ലഭിച്ചു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവുമാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കാന്‍ കാരണമായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പുതുപ്പള്ളിയിലെ ജയം ടീം യുഡിഎഫിന്റേതാണ്. തിരഞ്ഞെടുപ്പ് വിജയം കേരളത്തിലെ യുഡിഎഫിന് പുതിയ തുടക്കമാണെന്നും ഒരുമിച്ച് നിന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടുമെന്നും മുന്നോട്ട് പോകാനുള്ള ഇന്ധനമാണ് പുതുപ്പള്ളി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കുമെന്നും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി പെരുമാറാന്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയാണിതെന്നും ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷനേതാവ് ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ ഒരു പങ്കുമില്ലെന്നും ഭരണം മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം ഹൈജാക്ക് ചെയ്തുവെന്നും സതീശന്‍ ആരോപിച്ചു. സ്വന്തം വകുപ്പില്‍ താനറിയാതെ നിയമനം നടത്തിയിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
VD Satheesan slams CM Pinarayi vijayan's silence