മധ്യപ്രദേശിനെ കാവിക്കോട്ടയാക്കി ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച. ഇതുവരെ ഫലം പുറത്തുവന്നതില്‍ 154 സീറ്റുകളില്‍ ബിജെപി വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബഹുദൂരം പിന്നിലുള്ള കോണ്‍ഗ്രസിന് മഹാകോശല്‍ മേഖല മാത്രമാണ് ആശ്വാസം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിന്‍റെ ഹൃദയം തൊട്ടതാണ് വിജയകാരണമെന്ന് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു.  

 

കമല്‍ ജയിച്ചു. ബിജെപിയുടെ കമല്‍. കോണ്‍ഗ്രസിന്‍റെ കമലിന് ഇനിയൊരു ഉൗഴം ഏറെക്കുറെ അസാധ്യമാകും വിധം ആധികാരിക വിജയം. മധ്യപ്രദേശില്‍ നടന്നത് ത്രസിപ്പിച്ച പോരാട്ടമാണ്. ഇഞ്ചോടിഞ്ച് മല്‍സരമെന്ന പ്രവചനങ്ങളെ നിഷ്പ്രഭമാക്കി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ സമഗ്രാധിപത്യം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ പതിയെ ബിജെപി കത്തിക്കയറുകയായിരുന്നു. പിന്നാലെ ആഘോഷവും തുടങ്ങി. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനെ കാണാനെത്തി. നഗരമേഖലകള്‍ താമരപ്പാടമായി. ജാതി സെന്‍സസ് അടക്കം കോണ്‍ഗ്രസ് ഉയര്‍ത്തിയെങ്കിലും ഒബിസി വിഭാഗങ്ങള്‍ അടക്കം ബിജെപിക്കൊപ്പം ഉറച്ചുനിന്നു.   

 

ഭരണവിരുദ്ധ വികാരവും വിമതശല്യവും അടക്കം പ്രതിസന്ധികള്‍ മൂലം ഒരുഘട്ടത്തില്‍ കൈവിട്ടുപോയ മല്‍സരം ബിജെപി തിരികെ പിടിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കസേരയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന ബിജെപി നേതാവാണ് ശിവ്‍രാജ് സിങ് ചൗഹാന്‍. ഇത് നാലാം ഉൗഴം. പക്ഷെ ഒരു മാറ്റമുണ്ടായാല്‍ കൊള്ളാം എന്ന തോന്നല്‍ ഒരു വിഭാഗം വോട്ടര്‍മാരിലുണ്ടായത് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. മോദിയുടെ മുഖം. ശിവ്‍രാജിന്‍റെ പ്രയത്നം. 

 

സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലാഡ്‍ലി ബെഹ്ന യോജന അടക്കം സ്ത്രീ കേന്ദ്രീകൃതമായ സാമൂഹിക ക്ഷേമ പദ്ധതികള്‍ മാമാജിയെ തുണച്ചു. വിമതരെ അനുനയിപ്പിച്ച അമിത് ഷായുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്‍റ്. കേന്ദ്രമന്ത്രിമാരായ ഭുപേന്ദ്ര യാദവിനെയും അശ്വിനി വൈഷ്ണവിനെയും കളത്തിലിറക്കിയുള്ള സംഘാടനം. ചമ്പല്‍ ഗ്വാളിയോര്‍ മേഖലയില്‍ തന്‍റെ കരുത്ത് തെളിയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ശരിക്കും വിയര്‍പ്പൊഴുക്കി.

 

Massive lead in Madhya Pradesh, BJP sets new history