TAGS

നൂറ് വയസുള്ളൊരു മാളികപ്പുറം അയ്യനെകാണാന്‍ ആദ്യമായി മലകയറാന്‍ ഒരുങ്ങുകയാണ് വയനാട്ടില്‍. മൂന്നാനക്കുഴി സ്വദേശി പാറുക്കുട്ടിയമ്മയും കൊച്ചുമകനും പേരക്കുട്ടികളുമാണ് ശബരിമലയിലേക്കുള്ള യാത്രയ്ക്കായ് ശരണമന്ത്രങ്ങളുമായി ഒരുങ്ങുന്നത്. 

വൃതം നോറ്റ് മനസ് ശുദ്ധിയാക്കി അയ്യപ്പനരികിലേക്കുള്ള ആദ്യ യാത്രയ്ക്കായി ഒരുങ്ങുകയാണ് പാറുക്കുട്ടിയമ്മ. ഒപ്പമുള്ളത് കൊച്ചുമകന്‍ ഗിരീഷും മക്കളുമാണ്. മലകയറാനുള്ള ആഗ്രഹം വര്‍ഷങ്ങളായി ഉള്ളിലൊതുക്കിയിരുന്ന പാറുക്കുട്ടിയമ്മയ്ക്ക് നിയോഗമെന്നപോലെയാണ് നൂറാം വയസില്‍ മാളികപ്പുറമാകാനുള്ള അവസരമൊരുങ്ങിയത്.

സ്വാമിയുടെ കന്നിക്കാരായ് പാറുക്കുട്ടിയമ്മ മാത്രമല്ല ഉള്ളത്. ഗിരീഷിന്‍റെ ഇളയ രണ്ട് മക്കളും മലകയറാന്‍ ഒരുങ്ങുന്നത് ഇതാദ്യമായാണ്. നൂറാം വയസില്‍ മലകയറാനാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുമകന്‍.

എല്ലാത്തിലുമുപരി പാറുകുട്ടിയമ്മയ്ക്ക് അയ്യപ്പനെ കാണാന്‍ സമയമായെന്ന് അവിടുള്ളവന്‍ തീരുമാനിച്ചു എന്നാണ് കന്നിക്കാരിയുടെ വിശ്വാസം. ഞായറാഴ്ച വൈകിട്ടോടെ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം സാധ്യമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സ്വാമിയുടെ കന്നിക്കാരെ ശാസ്താവ് കാക്കുമെന്ന വിശ്വാസത്തിലാണ് പാറുക്കുട്ടിയമ്മയുടെ യാത്ര.