TAGS

ശബരിമലയിൽ എത്തുന്ന തീർഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓൾ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷൻ. മലകയറുമ്പോൾ പേശിപിടുത്തം അനുഭവപ്പെടുന്നവർക്കായി സ്പോർട്സ്  തെറപ്പി മാർഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. തീർഥാടകര്‍ക്ക് ഏറെ ഉപയോഗപ്രദമായ ഈ സേവനം ശരണപാതയിൽ വിവിധ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 

പമ്പയിൽ നിന്നും നീലിമല വഴിയാണ് അയ്യപ്പ സന്നിധിയിലേക്ക് വലിയൊരു ശതമാനം തീർത്ഥാടകരും എത്താറ്. പാതയിൽ അപ്പാച്ചിമേട്ടിലെ  കുത്തനെയുള്ള കയറ്റം ഭക്തരെ തെല്ലൊന്നു വലയ്ക്കും. ഇവിടെ മലകയറുന്നവർക്ക്  പേശി വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.  ചില വ്യായാമ മുറകളിലൂടെ അവ ഒഴിവാക്കാനും ആകും. എന്നാൽ ചിലരിലെങ്കിലും ഈ വേദന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് കണക്കിലെടുത്താണ് ഓൾ ഇന്ത്യ ഫിസിയോതെറാപ്പി അസോസിയേഷനും, പത്തനംതിട്ട പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ സെൻട്രും ചേർന്ന് സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം ഒരുക്കിയത്. കായിക വേദികൾ ഉപയോഗിക്കുന്ന സ്പോർട്സ് ഫിസിയോതെറാപ്പിയാണ് ഇവിടെ പ്രയോഗിക്കുന്നത്.  പേശി പിടുത്തവുമായി എത്തുന്ന തീർത്ഥാടകർക്ക് മിനിറ്റുകൾ കൊണ്ട് ആശ്വാസം ലഭിക്കും. അല്ലാത്തവർക്കായി ആധുനിക ചികിത്സ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ മിനിറ്റുകൾക്കകം വേദന ഒഴിഞ്ഞ് സന്തോഷത്തോടെയാണ് മടങ്ങുന്നത്. മലയിറങ്ങിയെത്തുന്ന തീർത്ഥാടകർക്ക് പമ്പയിലും സമാന സംവിധാനമേർപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

ഓരോ ജില്ലകളിൽ നിന്നുള്ള ഫിസിയോതെറാപ്പി അസോസിയേഷൻ അംഗങ്ങൾ മാറിമാറിയാണ് സേവനം അനുഷ്ഠിക്കുന്നത്.  ശബരീ പീഠത്തിന് അടുത്തുള്ള ഫോറസ്റ്റ് ഓഫീസിലാണ് കേന്ദ്രം. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വേദന നിവാരണികൾ അടക്കമുള്ള മരുന്നുകൾ വിവിധ കമ്പനികൾ സൗജന്യമായി നൽകിയവയാണ്. ദിവസേന 150 മുതൽ 200 തീർത്ഥാടകരാണ് ചികിത്സ തേടി മടക്കുന്നത്.