കസബപേട്ട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്ന പിസിസി പ്രസിഡന്റ് നാനാ പടോലെ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ വന്‍ തിരിച്ചടിക്കിടെ വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ കസബപേട്ട് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബംഗാളിലെ തൃണമൂല്‍ ശക്തി കേന്ദ്രമായ സാഗര്‍ദിഗി പിടിച്ചെടുത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു. തമിഴ്നാട്ടിലെ ഈറോഡില്‍ ഡി.എം.കെ പിന്തുണയോടെ വന്‍ വിജയം നേടി. അതേസമയം, സിറ്റിംഗ് സീറ്റായ ജാര്‍ഖണ്ഡിലെ രാംഗഢില്‍ പരാജയപ്പെട്ടു. 

 

1995 മുതല്‍ ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹാവികാസ് അഗാഡിയുടെ സ്ഥാനനാര്‍ത്ഥിയായ കോണ്‍ഗ്രസിന്‍റെ ധംങ്കേക്കര്‍ രവീന്ദ്ര ഹേംരാജ് വിജയിച്ചത്. മഹാവികാസ് അഗാഡി സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രത്തിെല ഈ പരാജയം ഷിന്‍ഡെ–ബിജെപി സഖ്യത്തിന് വലിയ തിരിച്ചടിയാണ്. സിറ്റിംഗ് സീറ്റായ ചിഞ്ച്‌വാഡ ബിജെപി നിലനിര്‍ത്തി. പക്ഷെ ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞു. 

 

ബംഗാളിലെ സാഗര്‍ദിഗി മണ്ഡലത്തില്‍ ഇടത് പിന്തുണയെടെ മത്സരിച്ച കോണ്‍ഗ്രസിന്‍റെ ബൈറോണ്‍ ബിശ്വാസ് ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഈറോഡ് ഈസ്റ്റില്‍ നാല്‍പത്തി നാലായിരത്തോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ ഇ.വി.കെ.എസ് ഇളങ്കോവന്‍റെ വിജയം. ജാര്‍ഖണ്ഡിലെ രാംഗഢ് മണ്ഡലത്തില്‍ എ.ജെ.എസ്.യുവിന്‍റെ സുനിത ചൗധരി ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി.  

 

Congress gain in various assembly byelections